Monday, May 20, 2024
spot_img

വണ്ടിപ്പെരിയാർ പോക്സോ കേസ് !ആറ് വയസുകാരിയുടേത് കൊലപാതകം തന്നെയെന്ന് കോടതി ! തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച പറ്റി! കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷനും പരാജയപ്പെട്ടുവെന്നും വിധി പകർപ്പിൽ

ഇടുക്കി : വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പോക്സോ കോടതി. കേസിലെ വിധിപ്പകർപ്പിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിലെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്‌ച പറ്റിയെന്നും കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷനും പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ചത്. ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്. വിരലടയാള വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും വിധി പകർപ്പിൽ കോടതി പറയുന്നു. കുട്ടിക്ക് നേരെ ലൈംഗിക ചൂഷണം ഉണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടിരുന്നു.

അതേസമയം പ്രതിയെ വെറുതെ വിട്ടു കൊണ്ടുള്ള വിധി പ്രസ്താവന വന്നതിന് പിന്നാലെ കോടതി പരിസരത്ത് അരങ്ങേറിയത് ആരെയും കണ്ണീരിലാഴ്ത്തുന്ന ദൃശ്യങ്ങളാണ് അരങ്ങേറിയത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാവിന്റെ കരഞ്ഞലറിക്കൊണ്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ല . ‘എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ല’ എന്ന് അവർ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

‘പതിനാല് വർഷം കുഞ്ഞുങ്ങളില്ലാതെ കിട്ടിയ കൊച്ചാണ്. അവളെ കൊന്നുകളഞ്ഞില്ലേ. എന്റെ മോളെ കൊന്നത് സത്യമാ. അവനെ വെറുതെ വിടില്ല. ഇപ്പോൾ എന്ത് നീതിയാണ് കിട്ടിയേക്കുന്നേ? നാട്ടുകാർക്ക് മുഴുവൻ അറിയാം അവൻചെയ്ത കാര്യങ്ങൾ. അവനെ വെറുതെ വിട്ടു, അവൻ സന്തോഷായിട്ട് ജീവിക്കാൻ പോകുവാ. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ…’, കുട്ടിയുടെ മാതാവ് ഹൃദയംപൊട്ടി ചോദിച്ചു.

കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെവിട്ട് ഉത്തരവിട്ടത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്.

2021 ജൂണ്‍ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾ ഇത് സമ്മതിച്ചുവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചെന്നായിരുന്നു പോലീസിന്റെ വിശദീകരണം. പീഡിപ്പിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നുമാണ് പ്രതി മൊഴി നല്‍കിയതെന്നും പോലീസ് പറഞ്ഞിരുന്നു.

കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചിരുന്നില്ല.

Related Articles

Latest Articles