തൃശ്ശൂര് : കരുവന്നൂർ കള്ളപ്പണ ഇടപാടിൽ നിർണ്ണായക പരാമർശവുമായി ഇഡി. തട്ടിപ്പ് പണം സിപിഎമ്മിന്റെ അക്കൗണ്ടിലുമെത്തിയെന്നും സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്സിലറുമായ പി.ആര്. അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയാണെന്നും നിയമവിരുദ്ധമായി വായ്പകള് അനുവദിക്കാന് അരവിന്ദാക്ഷന് ബാങ്ക് ഭരണസമിതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇഡി കോടതിയില് കൂട്ടിച്ചേർത്തു. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഇഡി ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്.
കരുവന്നൂര് ബാങ്കില് സിപിഎമ്മിന് പ്രത്യേക അക്കൗണ്ട് ഉണ്ടെന്ന് ഏജൻസി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാര്ട്ടിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചത്. സതീഷ് കുമാറിന് അനധികൃതമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള് നടത്താന് മന്ത്രിമാര് ഉള്പ്പെടെയുള്ളവരെ അരവിന്ദാക്ഷനിലൂടെയാണ് സ്വാധിക്കാന് ശ്രമിച്ചിരുന്നതെന്നും ഇ.ഡി വ്യക്തമാക്കി.
സതീഷുമായി അരവിന്ദാക്ഷന് വലിയ ബന്ധമുണ്ടെന്നും എല്ലാകാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് അരവിന്ദാക്ഷന് സതീഷുമായി ബന്ധപ്പെട്ടതെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. സതീഷിന്റെ മകളുടെ മെഡിക്കല് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷന്റെ അക്കൗണ്ടില് നിന്നാണ് ഫീസ് ഇനത്തില് പണം അടച്ചിരുന്നതെന്നും ഇഡി കോടതിയില് പറഞ്ഞു. മുഖ്യപ്രതിയായ സതീഷിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അന്വേഷണം പൂര്ത്തിയാകാത്ത സാഹചര്യത്തില് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇഡി കോടതിയില് വാദിച്ചു. ഹര്ജി കോടതി 21ന് പരിഗണിക്കും.

