Friday, December 19, 2025

ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ‘വാർ’ കൊണ്ടുവരണം !
ഫൈനലിലെ തോൽവിക്ക് തൊട്ടുപിന്നാലെ ബെംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൽ

പനാജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബെംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൽ രംഗത്തു വന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിലെ ബെംഗളൂരുവിന്റെ തോൽവിക്കു തൊട്ടു പിന്നാലെയാണ് ആവശ്യവുമായി പാർഥ് ജിൻഡാൽ ട്വീറ്റ് ചെയ്തത് . ‘‘ഇന്ത്യൻ സൂപ്പർ ലീഗിൽ വാര്‍ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെയുള്ള ചില തീരുമാനങ്ങൾ വലിയ മത്സരങ്ങളെ സ്വാധീനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ബെംഗളൂരു എഫ്സിയുടെ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്. നിങ്ങൾ തോറ്റിട്ടില്ല. തീരുമാനങ്ങൾ ഞെട്ടിക്കുന്നതായതിനാൽ ഈ തോൽവി വേദനിപ്പിക്കുന്നു” ജിൻഡാൽ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ബെംഗളൂരുവിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് എടികെ മോഹൻ ബഗാൻ കിരീടം ഉയർത്തിയത്.

നിശ്ചിത സമയത്തും അധിക സമയത്തും 2–2 സമനിലയായിരുന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–3നാണ് എടികെ തോൽപിച്ചത്. ഷൂട്ടൗട്ടിൽ ബെംഗളൂരുവിന്റെ ബ്രൂണോ റെമീറസ് എടുത്ത മൂന്നാം കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടഞ്ഞപ്പോൾ പാബ്ലോ പെരസിന്റെ അഞ്ചാം കിക്ക് ലക്ഷ്യം മറന്ന് പോസ്റ്റിനു പുറത്തേക്ക് പോയി.

എടികെ താരങ്ങൾ എടുത്ത നാല് കിക്കും വലയിലെത്തി . മത്സരത്തിന്റ നിശ്ചിത സമയത്ത് പെട്രാറ്റോസ് എടികെയ്ക്കായി ഇരട്ടഗോൾ നേടിയപ്പോൾ സുനിൽ ഛേത്രി (45+5), റോയ് കൃഷ്ണ (78) എന്നിവരാണ് ബെംഗളൂരുവിനായി ഗോൾ വല കുലുക്കിയത്. നിശ്ചിത സമയത്തെ 4 ഗോളുകളിൽ 3 ഗോളുകളും പെനൽറ്റിയിലൂടെയായിരുന്നു.

Related Articles

Latest Articles