Monday, May 20, 2024
spot_img

കൈ കാലുകൾ അനക്കി തുടങ്ങി, വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ട്; വാവ സുരേഷിന്റെ ആരോഗ്യ നില പ്രതീക്ഷ നൽകുന്നുണ്ടെന്നും മന്ത്രി വി.എൻ വാസവൻ

കോട്ടയം:പാമ്പു കടിയേറ്റ വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നുവെന്ന് അറിയിച്ച് മന്ത്രി വി.എൻ വാസവൻ.

ആരോഗ്യ നില പ്രതീക്ഷ നൽകുന്നുണ്ടെന്നും കൈ കാലുകൾ അനക്കി തുടങ്ങിയിട്ടുണ്ടെന്നും വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്നും ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല വാവ സുരേഷിന് ഇതുവരെ സംഭവിച്ചതിൽ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.

അതേസമയം ഐസിയുവില്‍ 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ അറിയിച്ചു.

ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായിട്ടുണ്ട്. അദ്ദേഹം മരുന്നുകളോടും അന്വേഷണങ്ങളോടും പ്രതികരിച്ചു തുടങ്ങിയെന്നും ഡോ. ടി.കെ.ജയകുമാര്‍ വ്യക്തമാക്കി.ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ പ്രത്യേക മേൽനോട്ടത്തിലാണ് സുരേഷിന്‍റെ ചികിത്സ.

കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം രണ്ടാഴ്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്. സുരേഷിനായി കേരളം ഒന്നടങ്കം കഴിഞ്ഞ ദിവസം മുതൽ പ്രാർത്ഥനയിലാണ്.

Related Articles

Latest Articles