തിരുവനന്തപുരം: 45-ാമത് വയലാർ അവാർഡ് (Vayalar Award) ബെന്യാമിന്. “മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ ”എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. വയലാർ രാമവർമ്മയുടെ ചരമ ദിനമായ ഒക്ടോബർ 27-ാം തീയതി തിരുവനന്തപുരത്ത് വച്ച് പുരസ്‌കാരം ബെന്യാമിന് സമ്മാനിക്കും. അവാർഡ് സമർപ്പണ ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും, കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കുമെന്ന് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് അറിയിച്ചു.
കെ.ആർ. മീര, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. “അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ” എന്ന നോവലിന്റെ തുടർച്ചയാണ് മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ.

