Saturday, May 25, 2024
spot_img

രാത്രി അത്താഴത്തിന് ശേഷം നിങ്ങൾ ടിവിയ്ക്കും, മൊബൈലിനും മുന്നിലുമാണോ ചെലവഴിക്കുന്നത്; എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്…

തിരക്കിട്ട ലോകത്തിനൊപ്പം പായുമ്പോള്‍ മിക്കവരും ദൈനംദിന ജീവിതത്തില്‍ വളരെ തിരക്കിലാകുന്നു. ശരീരം കാക്കാനായി സാധാരണ വ്യായാമങ്ങള്‍ക്ക് പോലും സമയം ലഭിക്കാറില്ല. ഇത് ആരോഗ്യത്തെ (Healthy Tips) പ്രതികൂലമായി ബാധിക്കും. ശരീരത്തിന്റെ സംരക്ഷണത്തിനായി ദൈനംദിന വ്യായാമത്തിന്റെ പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച് നിലവിലെ മഹാമാരിക്കാലത്ത് ഇതെല്ലാം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. നിങ്ങള്‍ക്ക് പതിവായി ജിമ്മില്‍ പോകാന്‍ കഴിയുന്നില്ലെങ്കില്‍, ദിവസവും അല്‍പനേരം ലഘുവായ കായിക വിനോദങ്ങളിലും ഏര്‍പ്പെടാം. അല്ലെങ്കില്‍ നിങ്ങളുടെ ചില ശീലങ്ങള്‍ ശ്രദ്ധിച്ചും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്.

മിക്കവര്‍ക്കുമുള്ള ശീലമായിരിക്കും രാത്രി അത്താഴത്തിന് ശേഷം ടി.വിക്കു മുന്നിലോ മൊബൈലിലോ ആണോ നിങ്ങൾ സമയം ചെലവഴിക്കുന്നത്. എന്നാല്‍ ഈ അനാരോഗ്യകരമായ ശീലം മാറ്റി അല്‍പനേരം ഒന്നു നടന്നുനോക്കൂ. നിങ്ങളുടെ ശരീരത്തിലെ മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും. അത്താഴത്തിന് ശേഷമുള്ള നടത്തം ആരോഗ്യത്തിന് വളരെയേറെ ഉപകാരപ്രദമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ (Health Experts) തന്നെ പറയുന്നുണ്ട്.

അത്താഴത്തിന് ശേഷം നടക്കുന്നത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഗ്യാസ്ട്രിക് എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ അനുവദിക്കുന്നു. അതോടൊപ്പം ആമാശയം ആഗിരണം ചെയ്ത പോഷകങ്ങള്‍ സ്വാംശീകരിക്കാനും അനുവദിക്കുന്നു. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും വയറു വീര്‍ക്കല്‍, മലബന്ധം എന്നിവ കുറയ്ക്കുകയും വയറുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഉപാപചയം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് നടത്തം. അത്താഴത്തിന് ശേഷം ഉടന്‍ കിടക്കുന്നതിനുപകരം നടക്കുന്നത് ഒരു ശീലമാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതല്‍ കലോറി എരിയാനും ശരീരത്തെ നല്ല നിലയില്‍ നിലനിര്‍ത്താനും സഹായിക്കും. അത്താഴത്തിന് ശേഷം നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സഹായകമാണ്.

ഇത് നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും അങ്ങനെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ ആന്തരിക അവയവങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശക്തമായ പ്രതിരോധശേഷി, കോവിഡ് 19 പോലുള്ള ഗുരുതരമായ അണുബാധകള്‍ ഉള്‍പ്പെടെയുള്ള വിവിധ അണുബാധകളെ അകറ്റിനിര്‍ത്താനും സഹായകമാകുന്നു. ഭക്ഷണം കഴിച്ച് 30 മിനിറ്റിനു ശേഷം രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. എന്നിരുന്നാലും, നിങ്ങള്‍ അത്താഴത്തിന് ശേഷം നടക്കുന്നുവെങ്കില്‍ കുറച്ച് ഗ്ലൂക്കോസ് ശരീരം ഉപയോഗിക്കാന്‍ തുടങ്ങും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഈ ശീലം പിന്തുടരുന്നത് നല്ലതാണ്. അത്താഴത്തിന് ശേഷം നടക്കുന്നത് നിങ്ങളുടെ ശാരീരിക ആരോഗ്യം നിലനിര്‍ത്തുക മാത്രമല്ല, നിങ്ങളുടെ മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, എല്ലാ ദിവസവും അത്താഴത്തിന് ശേഷം അല്‍പനേരം നടക്കുക, ഉടന്‍ തന്നെ ഫലം കാണും. നടത്തം നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാന്‍ സഹായിക്കും, അങ്ങനെ നിങ്ങള്‍ക്ക് വേഗത്തില്‍ ഉറങ്ങാനും സാധിക്കും.

നടത്തം നിങ്ങളുടെ ശരീരത്തിലെ സമ്മര്‍ദ്ദം ഇല്ലാതാക്കാനും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടാനും സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കുകയും നിങ്ങളുടെ മാനസികാവസ്ഥ ഉയര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ, അത്താഴത്തിന് ശേഷം നടക്കുന്നത് നിങ്ങളെ സന്തോഷമായി നിലനിര്‍ത്തുകയും വിഷാദത്തെ നീക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ലളിതമായ ഒരു വഴിയാണ് അത്താഴത്തിന് ശേഷം നടക്കുക എന്നത്. ഭക്ഷണശേഷം അല്‍പനേരം നടക്കുന്നത് കലോറി എരിയുന്നതിനും രക്തചംക്രമണത്തിനും സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന് ഗുണംചെയ്യുന്നു. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ് അത്താഴത്തിനുശേഷമുള്ള നടത്തം എന്നാണ് പഠനങ്ങൾ പറയുന്നത്.

Related Articles

Latest Articles