Friday, May 17, 2024
spot_img

സമസ്തക്കെതിരെ സംസാരിക്കാൻ എൽ ഡി എഫ് നിർബന്ധിതമാകുന്നു; നടപടി പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്; പ്രമുഖ നേതാക്കളും സാംസ്കാരിക നായകരും മൗനത്തിൽ

തിരുവനന്തപുരം∙ പുരസ്കാരം നൽകാൻ പൊതുവേദിയിലേക്ക് പത്താംക്ലാസ്സുകാരിയെ ക്ഷണിച്ചതിനെ വിമർശിക്കുകയും പെൺകുട്ടിയെ വേദിയിൽ നിന്ന് അപമാനിച്ച് ഇറക്കിവിടുകയും ചെയ്ത ഇസ്ലാമിക പുരോഹിതന്റെ നടപടി അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നടപടി പരിഷ്കൃതസമൂഹത്തിന് യോജിച്ചതല്ല. പെണ്‍കുട്ടികൾക്കുള്ള അംഗീകാരം അവര്‍ തന്നെയാണ് വാങ്ങേണ്ടത്. അവരെ പ്രതിനിധീകരിച്ച് മറ്റാരുമല്ല അത് വാങ്ങേണ്ടതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പ്രതികരിച്ച വിഡിയോ പുറത്തുവന്നത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ സമസ്ത നേതാവ് കുപിതനായി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സമസ്ത നേതാവിന്റെ പ്രതികരണത്തിനെതിരെ നിരവധി പ്രമുഖർ രംഗത്തുവന്നിരുന്നു. കേരളാ ഗവർണ്ണർ ഉൾപ്പെടെയുള്ളവർ സംഭവത്തെ വിമർശിച്ചിട്ടും പ്രമുഖ എൽ ഡി എഫ്, യു ഡി എഫ് നേതാക്കൾ ഇക്കാര്യത്തിൽ ദുരൂഹമായ മൗനത്തിലായിരുന്നു. സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന ഭരണപക്ഷവും ഫെമിനിസ്റ്റുകളും പ്രതിപക്ഷവും സംഭവത്തിനെതിരെ പ്രതികരണശേഷി കാട്ടാത്തത് വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

Related Articles

Latest Articles