Tuesday, April 30, 2024
spot_img

രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ നിയമിച്ച് കേന്ദ്രസർക്കാർ; 15ന് ചുമതല ഏറ്റെടുക്കും

 

ദില്ലി: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ നിയമിച്ച് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി കഴിഞ്ഞു. മെയ് 15ന് അദ്ദേഹം സ്ഥാനമേൽക്കും. രാജീവ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിയമിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജ്ജു ആണ് അറിയിച്ചത്. സുശീൽ ചന്ദ്രയ്‌ക്ക് പകരമാണ് രാജീവ് കുമാർ പുതുതായി ചുമതലയേൽക്കുന്നത്.

“ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ രാഷ്‌ട്രപതി നിയമിച്ചു. ഈ മാസം 15ാംതിയതി അദ്ദേഹം ഓഫീസിന്റെ ചുമതല ഏറ്റെടുക്കും. 14ാം തിയതി സുശീൽ ചന്ദ്ര രാജി വയ്‌ക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനമെന്നും’- പത്രക്കുറിപ്പിൽ പറയുന്നു.

അതേസമയം 2020 സെപ്തംബർ ഒന്നിനാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുക്കുന്നത്. ബീഹാർ/ഝാർഖണ്ഡ് കേഡറിൽ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ. സർക്കാരിന്റെ വിവിധ വകുപ്പുകളിലായി 36 വർഷത്തിലധികം പരിചയസമ്പത്ത് ഉണ്ട് അദ്ദേഹത്തിന്.

Related Articles

Latest Articles