ഇന്നത്തെ കാലത്ത് പച്ചക്കറി കഴിക്കുന്നത് വളരെ കുറവാണ്. എല്ലാവരുടെയും ഭക്ഷണ ശീലവും ചിട്ടയല്ലാത്ത ജീവിതശൈലിയുംമൊക്കെയാണ് പല അസുഖങ്ങൾക്കും കാരണമാകുന്നത്. കൂടുതലും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യതയെ വര്‍ധിപ്പിക്കാനുള്ള കാരണമാകാം.
നമ്മുടെ ദൈനംദിന ജീവിതത്തിൽ കുറച്ചെങ്കിലും ഉൾപ്പെടുത്തേണ്ട കുറച്ചു പച്ചക്കറികളുണ്ട്. അവ ഏതൊക്കെയെന്നും, അത് കഴിക്കുമ്പോഴുള്ള ഗുണങ്ങൾ എന്തൊക്കെയെന്നും നമുക്ക് നോക്കാം.
കാബേജില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പര്‍ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. കാരണം ഇതിൽ വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
ബ്രൊക്കോളിയില്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വേണ്ട മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയ ആരോഗ്യത്തിന് നല്ലതാണ്.

