Saturday, May 4, 2024
spot_img

ന്യൂനപക്ഷങ്ങളും സംഘടിത മത ശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സംസ്കാരമാകരുത് ഇടതുപക്ഷത്തിന്‍റേത്; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതുപക്ഷ സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തി. അധസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സർക്കാരും ആവർത്തിച്ചുവെന്നും ഈഴവ സമുദായത്തെ സർക്കാർ ചതിച്ചു എന്നും വെള്ളാപ്പള്ളി ആരോപിച്ചു. നവോത്ഥാനം മുദ്രാവാക്യമാക്കിയ ഇടതുപക്ഷം ഭരിക്കുമ്പോൾ ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും, ന്യൂനപക്ഷങ്ങളും സംഘടിത മത ശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സംസ്കാരമാകരുത് ഇടതുപക്ഷത്തിന്റേത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരായണ ​ഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം സർക്കാർ രാഷ്ട്രീയ മാമാങ്കമാക്കി. ഉദ്ഘാടന ചടങ്ങിൽ ഒരു എസ്എൻഡിപി ഭാരവാഹിയെ പോലും ക്ഷണിച്ചില്ലെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. സർവകലാശാല വൈസ് ചാൻസിലർ സ്ഥാനത്തേക്ക് ശ്രീ നാരായണീയരെ പരിഗണിച്ചില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. മലബാറിൽ പ്രവർത്തിക്കുന്ന പ്രവാസിയെ നിർബന്ധിച്ചു കൊണ്ടു വന്നു വിസിയാക്കാൻ മന്ത്രി കെ ടി ജലീൽ വാശി കാണിച്ചു. ഉന്നത വിദ്യാദ്യാസ മന്ത്രിയുടെ ചേതോവികാരം മനസിലാക്കാൻ പാഴൂർ പടിപ്പുരയിൽ പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles