Friday, May 3, 2024
spot_img

തന്‍റെ മകനെ മനപൂര്‍വ്വം കുടുക്കിയതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് പിതാവും എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇത്. കേസ് നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാറിന് ഇന്നു തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെയാണ് യുഎഇയിലെ അ്ജ്മാനില്‍ അറസ്റ്റിലായത്.

അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് കഴിഞ്ഞരാത്രി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്ബനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെതാണ് ചെക്ക്.

ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്റെ സഹായവും തുഷാറിന്റെ കുടുംബം തേടിയതായി റിപ്പോര്‍ട്ടുണ്ട്.

Related Articles

Latest Articles