Wednesday, May 15, 2024
spot_img

അതിശൈത്യം ! കൽക്കരി കത്തിച്ചുവെച്ച് ഉറങ്ങി;ദില്ലിയിൽ വിഷപ്പുക ശ്വസിച്ച് 6 പേർക്ക് ദാരുണാന്ത്യം

ദില്ലി : അതിശൈത്യത്തെത്തുടർന്ന് മുറിക്കുള്ളില്‍ കല്‍ക്കരി ഉപയോഗിച്ച് തീകാഞ്ഞ് ഉറങ്ങാൻ കിടന്ന ആറ് പേർ വിഷപ്പുക ശ്വസിച്ച് മരിച്ചു. രണ്ട് വ്യത്യസ്തസംഭവങ്ങളിലായാണ് ആറ് പേര്‍ മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കല്‍ക്കരിയുപയോഗിച്ച് കനലൊരുക്കുന്ന ‘അംഗീഠി’യില്‍ നിന്നുള്ള വിഷ പുകയെത്തുടര്‍ന്ന് അപകടമുണ്ടായത്. ദില്ലി അലിപ്പുരിന് സമീപമുള്ള ഖേര കലന്‍ ഗ്രാമത്തിൽ ടാങ്കര്‍ ഡ്രൈവറായ രാകേഷ് സിങ് (40), ഭാര്യ ലളിത സിങ് (38), ദമ്പതികളുടെ മക്കളായ പിയൂഷ് സിങ്(9 ), സണ്ണി സിങ് (7 ) എന്നിവരാണ് ആദ്യ സംഭവത്തിൽ മരിച്ചത്.

അപകടത്തെക്കുറിച്ചറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജനാലച്ചില്ല് പൊട്ടിച്ച് മുറിക്കുള്ളില്‍ കടന്നാണ് കുടുംബത്തിലെ നാലുപേരേയും പുറത്തെത്തിച്ചത്. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ശ്വാസംമുട്ടിയുള്ള മരണമാണെന്നാണ് നിഗമനമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ദില്ലിയിലെ ഇന്ദര്‍പുരിയിലാണ് സമാനമായ രീതിയില്‍ രണ്ടുപേര്‍ മരിച്ചത്. 57 കാരനായ റാം ബഹാദൂര്‍, 22 കാരനായ അഭിഷേക് എന്നിവരാണ് താമസസ്ഥലത്ത് മരിച്ചത്. നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂര്‍ ദില്ലിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. അഭിഷേക് വീട്ടുജോലിക്കാരനായിരുന്നു. ഇരുവരുടേയും മരണത്തില്‍ ദുരൂഹതയില്ലെന്ന് ഡെപൂട്ടി കമ്മിഷണര്‍ വിചിത്ര വീര്‍ പറഞ്ഞു.

ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശെത്യംമൂലം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Related Articles

Latest Articles