Monday, May 20, 2024
spot_img

‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം..’; കേരളത്തിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് 98ാം പിറന്നാൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് (VS Achuthanandan) ഇന്ന് 98–ാം പിറന്നാൾ. ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും ജനകീയനായ നേതാവാണ് വി.എസ്.അച്യുതാനന്ദൻ. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയുന്ന വിഎസ് ഇന്നു കുടുംബാംഗങ്ങളോടൊത്തു ജന്മദിനം ലളിതമായി ആഘോഷിക്കും. രണ്ടു വർഷമായി സ്ഥിരമായി വീട്ടിൽ തന്നെയാണ് വിഎസ്.

2019 ഒക്ടോബറിൽ പുന്നപ്ര–വയലാർ വാർഷികച്ചടങ്ങുകളിൽ പങ്കെടുത്ത്, തലസ്ഥാനത്തു മടങ്ങിയെത്തിയ വിഎസിനെ പിറ്റേന്നു തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ ആശുപത്രി വിട്ടെങ്കിലും ഡോക്ടർമാർ അദ്ദേഹത്തിനു വിശ്രമം നിർദേശിച്ചു. കോവിഡ് വ്യാപനം കൂടിയായതോടെ സന്ദർശകർക്കും നിയന്ത്രണമുണ്ടായി. ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയിൽ ആ പദവി രാജിവച്ചിരുന്നു. ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളിൽ കിടക്കയിൽ തന്നെ ആയിരുന്ന വി എസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. വീട്ടിനകത്ത് നീങ്ങുന്നത് വീൽ ചെയറിൽ തന്നെയാണ്. പത്രം ദിവസവും വായിച്ചു കേൾക്കും. ടെലിവിഷൻ വാർത്തകളും കാണും. കേരളം വീണ്ടും പ്രളയ ഭീഷണിയിലായതിന്റെ വാർത്തകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്ന് മകൻ വി എ അരുൺ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles