Monday, May 20, 2024
spot_img

ഒരു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി തിങ്കളാഴ്ച്ച കേരളത്തിൽ; ജഗ്ദീപ് ധൻഖർ എത്തുന്നത് തന്റെ പ്രിയപ്പെട്ട അദ്ധ്യാപികയെ കാണാൻ; കോഴിക്കോട് ചമ്പാട് ആനന്ദഭവൻ വേദിയാകുക അത്യപൂർവ്വ ഗുരു ശിഷ്യ സമാഗമത്തിന്

കണ്ണൂർ: തന്റെ പ്രിയപ്പെട്ട അദ്ധ്യാപികയെ കണ്ട് അനുഗ്രഹം തേടാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഒരു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച കണ്ണൂരിലെത്തും. പകൽ 1.05ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി 1.17ന് റോഡ് മാർഗ്ഗം കോഴിക്കോട് പാനൂർ ചമ്പാടേക്ക് തിരിക്കും. ചമ്പാട് ആനന്ദവീട്ടിൽ എത്തിയാണ് രത്ന നായർ എന്ന റിട്ടയേർഡ് അദ്ധ്യാപികയെ ഉപരാഷ്ട്രപതി കാണുക.

ചിത്തോർഗഡിലെ സൈനിക് സ്കൂളിൽ 30 വർഷം അദ്ധ്യാപികയായിരുന്നു രത്ന നായർ. സൈനിക് സ്‌കൂളിലെ ചിട്ടകളും വിട്ടുവീഴ്ചയില്ലാത്ത അദ്ധ്യയന ശൈലിയിലും കുട്ടികൾക്ക് മാതൃ വാത്സല്യം നൽകിയിരുന്ന പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു രത്ന നായർ. ആറ് വർഷം ധൻഖർ സൈനിക് സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കപ്പെട്ടപ്പോൾ രത്ന നായർ ധൻഖറിനെ ഫോണിൽ ബന്ധപ്പെട്ട് ആശംസകൾ അറിയിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട അദ്ധ്യാപിക തന്നെ വിളിച്ചതിൽ അതീവ സന്തുഷ്ടനായ ധൻഖർ തന്റെ പേഴ്‌സണൽ നമ്പർ അടക്കം നൽകിയിരുന്നു. ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് രത്ന നായരെ ധൻഖർ ക്ഷണിച്ചിരുന്നുവെങ്കിലും അനാരോഗ്യം കാരണം പങ്കെടുക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഗുരുവിനെ കാണാൻ ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ കേരളാ യാത്ര. ഇപ്പോൾ 83 വയസ്സുള്ള രത്നനായർ എറണാകുളം, കണ്ണൂർ നവോദയ വിദ്യാലയങ്ങളിലും അദ്ധ്യാപികയായിരുന്നു. കണ്ണൂർ നവോദയ വിദ്യാലയത്തിൽ നിന്ന് ഹെഡ്മിസ്ട്രസ് ആയാണ് വിരമിച്ചത്. ചിത്തോർ സൈനിക് സ്‌കൂളിലെ ധൻഖറുടെ ബാച്ചിലെ രണ്ട് അദ്ധ്യാപകർ മാത്രമേ ഇന്ന് ജീവിച്ചിരുപ്പുള്ളു. കെമിസ്ട്രി അദ്ധ്യാപിക ആയിരുന്ന ഹാർബൽ സിംഗ് ആണ് മറ്റൊരദ്ധ്യാപിക.

സന്ദർശന ശേഷം ശേഷം ഉച്ചക്ക് 2.25ന് മട്ടന്നൂരിലേക്ക് മടങ്ങും. ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലേക്കാകും അദ്ദേഹം പോകുക. നാവിക അക്കാദമി സന്ദർശനത്തിന് ശേഷം വൈകിട്ട് 6.20ന് അദ്ദേഹം കണ്ണൂർ വിമാനത്താവളം വഴി ന്യൂഡൽഹിയിലേക്ക് മടങ്ങിപ്പോകും. ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഒരുക്കങ്ങൾ വിലയിരുത്തി.സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കും. ഗതാഗത നിയന്ത്രണവുമുണ്ടാകും.

Related Articles

Latest Articles