Friday, May 3, 2024
spot_img

മഹാഭാരതത്തിലെ അശ്വത്ഥാമാവാന്‍ വിക്കി കൗശല്‍; ”ദി ഇമ്മോര്‍ട്ടല്‍ അശ്വത്ഥാമ” ചിത്രീകരണം ആരംഭിക്കുന്നു

ഉറി ദി സർജിക്കൽ സ്ട്രൈക്കിനു ശേഷം വിക്കി കൗശലിന്റെ പുതിയ സിനിമയായ ”ദ ഇമ്മോര്‍ട്ടല്‍ അശ്വത്ഥാമ”യുടെ ചിത്രീകരണം ആരംഭിക്കുന്നു. മഹാഭാരതത്തിലെ അശ്വത്ഥാമാവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിലെ വിക്കിയുടെ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരിയിൽ വിക്കി ആയുധ പരിശീലനം ആരംഭിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ദ ഇമ്മോര്‍ട്ടല്‍ അശ്വത്ഥാമയെന്നാണ് വിക്കി കൗശല്‍ പറഞ്ഞത്. സാങ്കേതിക വിദ്യയുടെ കാര്യത്തിലും അഭിനയത്തിലും പുതിയ സാധ്യതകളാണ് ചിത്രം നല്‍കുന്നതെന്നും വിക്കി പറയുന്നു.

എന്നാല്‍ നേരത്തെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ നല്ല പ്രതികരണമാണ് ചിത്രത്തിന്റെ പോസ്റ്ററിന് ലഭിച്ചത്. അതുകൊണ്ടു തന്നെ ചിത്രത്തിന് വലിയ സ്വീകാര്യതയായിരിക്കും ലഭിക്കുക. 2019 ൽ ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രം പുറത്തിറങ്ങിയ ഉടൻ തന്നെ ചിത്രത്തിന്റെ സംവിധായകനായ ആദിത്യ ധാർ, നിർമ്മാതാവ് റോണി സ്ക്രൂവാല, നായകന്‍ വിക്കി കൗശല്‍ എന്നിവര്‍ ചേര്‍ന്ന് ദ ഇമ്മോര്‍ട്ടല്‍ അശ്വത്ഥാമ എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. പോസ്റ്ററുകളില്‍ നിന്നും മനസിലാകുന്നത് സിനിമയിലെ കഥ നടക്കുന്നത് ഭാവിയില്‍ ആണെന്നാണ്. സൂപ്പര്‍ ഹീറോ ചിത്രമാണ് അശ്വത്ഥാമ. ഇന്ത്യന്‍ സിനിമയിലെ മാത്രമല്ല ലോക സിനിമയിലെ തന്നെ സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം 2021 ജൂണിനും 2021 ഡിസംബറിനുമിടയിലാണ് ചിത്രം ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. അതുമാത്രമല്ല, ചിത്രം യുകെയിൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്, എന്നാൽ നിലവിലെ കോവിഡ് -19 സാഹചര്യം കാരണം അവർ ഇപ്പോൾ ഹംഗറിയും ഐസ്‌ലൻഡുമാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ രാജ്യങ്ങളിലെ സ്ഥിതി അനുസരിച്ച് ആദിത്യയും സംഘവും ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, ചിത്രത്തിന്റെ തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന് ആവശ്യമായ രൂപം നേടുന്നതിനായി വിക്കി ഇതിനകം ജിമ്മിൽ പോയി ഫിറ്റനെസുള്‍പ്പെടെ ചെയ്തു തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി പകുതി മുതൽ ആയുധ പരിശീലനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles