തിരുവനന്തപുരം : കൈക്കൂലിക്കേസ് ഒതുക്കാൻ അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ സെൽ ഓഫിസിലെ ഡിവൈഎസ്പി പി.വേലായുധൻ നായരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സമർപ്പിച്ച റിപ്പോർട്ടിന്മേൽ ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറിയാണ് നടപടിയെടുത്തിരിക്കുന്നത്. അതേസമയം വീട്ടിലെ വിജിലൻസ് പരിശോധനയ്ക്കിടെ കടന്ന്കളഞ്ഞ വേലായുധനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥനുമായി പണമിടപാടു നടത്തിയതായി തെളിവു ലഭിച്ചതിനെത്തുടർന്ന് വേലായുധൻ നായർക്കെതിരെ തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ പ്രതിയായ റവന്യു വകുപ്പ് ഉദ്യോഗസ്ഥനെ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയിരുന്നു. ഇയാളുമായി വേലായുധൻ നായർ സാമ്പത്തിക ഇടപാടു നടത്തിയതായി തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്.
പ്രതിയും വിജിലൻസ് ഉദ്യോഗസ്ഥനും തമ്മിൽ പണമിടപാടു നടന്നതായി കണ്ടെത്തിയതിനെത്തുടർന്നു കേസ് എടുക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദേശിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് പരിശോധന നടത്താൻ വീട്ടിലെത്തിയതിനിടെയാണ് വേലായുധൻ നായർ കടന്ന് കളഞ്ഞത്. മാർച്ച് 23ന് കാണാതായ ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിച്ച അന്വേഷണ സംഘത്തിലും വേലായുധൻ നായർ അംഗമായിരുന്നു. ഇതിനെ തുടർന്നാണ് ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടു വിശദമായി അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുള്ളതായി തെളിഞ്ഞത്.

