ഓക്‌ലൻഡ് : ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിനിടെ ലങ്കൻ ബൗളർ എറിഞ്ഞ പന്ത് സ്റ്റാമ്പിൽ കൊണ്ടിട്ടും ഔട്ടാകാതെ രക്ഷപെട്ട് കിവീസ് താരം ഫിൻ അലൻ. ലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ കിവീസ് ബാറ്റിങ്ങിനിടെ പേസർ കസുൻ രജിതയെറിഞ്ഞ പന്ത് ഓഫ് സ്റ്റംപിൽ തട്ടിയാണ് പോയത്. എന്നാൽ ബെയ്ൽസ് ഇളകിയില്ല എന്നതുകൊണ്ട് ഫിൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. റീപ്ലേയിൽ പന്ത് സ്റ്റംപിൽ ഇടിക്കുന്നതും സ്റ്റംപ് ചെറുതായി അനങ്ങുന്നതും വ്യക്തമാണ്. ഫിൻ അലൻ ഒൻപതു റൺസെടുത്തു നിൽക്കുമ്പോഴാണു സംഭവം.
മത്സരത്തിൽ അർധ സെഞ്ചറി നേടിയ ശേഷമാണു ഫിൻ അലൻ മടങ്ങിയത്. 49 പന്തുകൾ നേരിട്ട താരം 51 റണ്‍സെടുക്കുകയും ന്യൂസീലൻഡിന്റെ ടോപ് സ്കോററാകുകയും ചെയ്തു.. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 49.3 ഓവറിൽ 274 റൺസാണ് ആദ്യം ബാറ്റ് ചെയ്ത കിവീസ് നേടിയത്
ന്യൂസീലന്‍ഡിനായി ഡാരിൽ മിച്ചൽ (58 പന്തിൽ 47), ഗ്ലെൻ ഫിലിപ്സ് (42 പന്തിൽ 39), രചിൻ രവീന്ദ്ര (52 പന്തിൽ 49) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 19.5 ഓവറിൽ 76 റൺസിനു പുറത്തായതോടെ ന്യൂസീലന്‍ഡ് 198 റൺസിന്റെ വിജയം ആഘോഷിച്ചു.

