തിരുവനന്തപുരം: പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ ശബരിമലയിൽ നടന്ന സ്വർണ്ണം പൂശൽ ജോലിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ. കേസിൽ സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിലാണ് എസ്ഐടി വിജിലൻസ് അന്വേഷണത്തിനുള്ള ശുപാർശ മുന്നോട്ടുവെച്ചത്. സ്വർണ്ണത്തിൽ കുറവോ നഷ്ടമോ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, പദ്ധതി നടപ്പാക്കിയതിലെ ഭരണപരമായ നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അതിനാലാണ് വിശദമായ വിജിലൻസ് അന്വേഷണം ആവശ്യമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജംഷഡ്പൂരിലെ ദേശീയ ലബോറട്ടറിയിൽ നടക്കുന്ന ശാസ്ത്രീയ പരിശോധനയുടെ അന്തിമ ഫലം പുറത്തുവന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ ഹൈക്കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക. ഈ പരിശോധനയിലൂടെ സ്വർണ്ണനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ പൂർണ്ണമായ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ശബരിമലയിലെ അഷ്ടാഭിഷേക പൂജയ്ക്കും നിത്യപൂജയ്ക്കുമുള്ള ദ്രവ്യങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളിൽ ഹൈക്കോടതി കടുത്ത സംശയം പ്രകടിപ്പിച്ചു. കൊല്ലം സ്വദേശിയായ സുനിൽകുമാർ എന്ന സുനിൽ സ്വാമിയെ ടെൻഡറോ കൃത്യമായ മാനദണ്ഡങ്ങളോ പാലിക്കാതെ ദീർഘകാലമായി പൂജാസാമഗ്രികൾ വാങ്ങാൻ ചുമതലപ്പെടുത്തിയതിനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. ഏത് സാഹചര്യത്തിലാണ് ഇയാൾക്ക് ഇതിനുള്ള അനുമതി നൽകിയതെന്ന് വ്യക്തമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ബോർഡിനോട് അടിയന്തര റിപ്പോർട്ട് തേടിയത്. ഫണ്ട് ദുരുപയോഗം ആരോപിച്ച് സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടും ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ കർശന നടപടി.
പൂജയ്ക്ക് ആവശ്യമായ അരി, മലർ, ശർക്കര, നാളികേരം, പട്ട്, തോർത്ത് ഉൾപ്പെടെയുള്ള പത്തിലധികം പ്രധാന സാധനങ്ങൾ വർഷങ്ങളായി സംഭാവനയായി നൽകുന്നത് സുനിൽ സ്വാമിയാണ്. മാസപൂജയ്ക്ക് മൂന്നുലക്ഷം രൂപയുടെയും മണ്ഡല-മകരവിളക്ക് കാലത്ത് 18 ലക്ഷം രൂപയുടെയും സാധനങ്ങൾ ഇത്തരത്തിൽ എത്താറുണ്ട്. എന്നാൽ, ഇവയ്ക്കൊന്നും തന്നെ കൃത്യമായ ബില്ലുകളോ വൗച്ചറുകളോ നൽകാറില്ലെന്നും ദേവസ്വം രജിസ്റ്ററുകളിൽ ഇവ രേഖപ്പെടുത്താറില്ലെന്നും വിജിലൻസ് കണ്ടെത്തുകയുണ്ടായി. ഇത്തരം സാധനങ്ങൾ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് തൊട്ടടുത്ത മുറിയിലാണ് സൂക്ഷിക്കുന്നത്. സാധനങ്ങൾ ഭക്തരിൽ നിന്ന് സംഭാവനയായി ലഭിക്കുമ്പോഴും, അവ ദേവസ്വം ഫണ്ടിൽ നിന്ന് പണം നൽകി വാങ്ങിയതാണെന്ന് വ്യാജ രേഖ ചമച്ച് ഉദ്യോഗസ്ഥർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതായി വിജിലൻസ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റിംഗ് പൂർത്തിയാകാത്തതിനാൽ അഴിമതിയുടെ ആഴം എത്രത്തോളമുണ്ടെന്നതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

