കോട്ടയം: എംജി സർവകലാശാല കൈക്കൂലി കേസിലെ പ്രതി സി.ജെ.എൽസി കൂടുതൽ പേരിൽ നിന്ന് പണം വാങ്ങിയാതായി വിജിലൻസ്. കൈക്കൂലി കേസിൽ പിടിയിലായ എം ബി എ വിഭാഗം അസിസ്റ്റന്‍റ്, സി.ജെ.എൽസിയാണ് നാല് കുട്ടികളിൽ നിന്ന് കൂടി പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്യാനാണ് വിജിലൻസ് നീക്കം.
വിജിലൻസ് എൽസിയുടെ അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് കൂടുതൽ തെളിവുകൾ കണ്ടെത്തിയത്. നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളായാണ് എൽസിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്. 2010-2014 ബാച്ചിലെ വിദ്യാർത്ഥികളാണിവർ. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ നോട്ടമിട്ടായിരുന്നു എൽസിയുടെ നീക്കം.
മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്നായിരുന്നു എൽസിയുടെ വാഗ്ദാനം. എൽസിയുടേയും പണം നൽകിയ വിദ്യാർത്ഥികളുടേയും ഫോൺ സംഭാഷണത്തിന്‍റെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു. ഈ വിദ്യാർത്ഥികളിൽ രണ്ട് പേരുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കംപ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാൽ മാർക്ക് ലിസ്റ്റ് തിരുത്താൻ ആർക്കും പണം നൽകിയിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം.
എൽസിയുടെ രോഗ വിവരം അറിഞ്ഞപ്പോൾ സാമ്പത്തിക സഹായം നൽകിയതാണെന്നും എൽസിയെ അറിയില്ലെന്നുമൊക്കെയാണ് വിദ്യാർത്ഥികൾ പറയുന്നത്. ജാമ്യത്തിലിറങ്ങിയ എൽസിയേയും വിദ്യാർത്ഥികളേയും വിജിലൻസ് വിശദമായി ചോദ്യം ചെയ്യാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

