Monday, April 29, 2024
spot_img

പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ റെയ്ഡ്; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ നടക്കുന്ന വിജിലന്‍സ് റെയ്ഡിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍. വീറ്റോ എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.

ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുത്ത് പഠിപ്പിക്കാന്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ അവധിയെടുക്കാതെ ചട്ടം ലംഘിച്ചാണ് ഇദ്ദേഹം പിഎസ്‌സി കേന്ദ്രങ്ങളില്‍ അധ്യാപനത്തിന് എത്തിയതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഇയാള്‍ക്കെതിരെ നടപടികളെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ നല്‍കും.

ലക്ഷ്യ, വീറ്റോ എന്നീ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയത്. പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ഷിബുവിന്റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യയെന്ന സ്ഥാപനം. വീറ്റോയെന്ന സ്ഥാപനത്തിന്റെ ഉടമസ്ഥത രഞ്ജന്‍ എന്ന ഉദ്യോഗസ്ഥന്റേതാണെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.

എന്നാല്‍ ഇയാളുടെ മൂന്നു സുഹൃത്തുക്കളുടെ പേരിലാണെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. അതേ സമയം പരിശോധനക്ക് എത്തുന്നതിന് മുമ്പ് തന്നെ സുപ്രധാന പല രേഖകളും ഓഫീസുകളില്‍ നിന്നും മാറ്റിയതായി വിജിലന്‍സിന് സംശയമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്ന ഫീസ് വ്യക്തമാക്കുന്ന ബുക്ക്, അധ്യാപക ശമ്പള രജിസ്റ്റര്‍ എന്നിവ മാറ്റിയതായാണ് സംശയം.

Related Articles

Latest Articles