നിലമ്പൂർ: മോട്ടോർ വാഹന ചെക്പോസ്റ്റിൽ നിന്നും മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥനിൽ നിന്ന് കണക്കിൽപ്പെടാത്ത തുക പിടികൂടി. ആലപ്പുഴ കോമല്ലൂർ കരിമുളക്കൽ ഷഫീസ് മൻസിലിൽ ബി. ഷഫീസാണ് 50, 670 രൂപയുമായി പിടിയിലായത്. ഇയാളോടൊപ്പം ഏജന്റായ വഴിക്കടവ് പുതിയകത്ത് ജുനൈദും വിജിലൻസിന്റെ പിടിയിലായി. ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.
വഴിക്കടവ് ചെക്ക് പോസ്റ്റിൽ 3 ദിവസത്തെ ജോലി കഴിഞ്ഞ് ഷഫീസ് നാട്ടിലേക്ക് പോകാൻ ശ്രമിക്കവെയാണ് പിടിയിലാകുന്നത്. വിജിലൻസ് ഇന്‍സ്‌പെക്ടറുടെ മൊഴിയെടുക്കവേ ഷഫീസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഇയാളെ വിജിലൻസ് ഉദ്യോഗസ്ഥർ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് വണ്ടൂര്‍ ആശുപ്ത്രിയിലേക്ക് മാറ്റി.ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ ഉണ്ടാകാറുളളത് കൊണ്ട് ഇടയക്ക് ലഭിക്കുന്ന പണം ഏജന്റ്മാരെ ഏല്‍പ്പിക്കുകയും, വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒന്നിച്ച് വാങ്ങുകയുമാണ് പതിവെന്ന് വിജിലന്‍സ് പറയുന്നു.
നിലവിൽ ഇപ്പോഴും വിജിലൻസ് ഡിവൈ എസ് പി എം ഷെഫീഖിന്റെ നേതൃത്വത്തിൽ വഴിക്കടവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന തുടരുകയാണ്. വഴിക്കടവ് അഗ്രി ഓഫീസർ കെ നിസാർ , വിജിലൻസ് എസ് ഐമാരായ ടി പി ശ്രീനിവാസൻ , മോഹൻദാസ് , എ എസ് ഐ മുഹമ്മദ് സലിം , സീനിയർ സി പി ഒമാരായ പ്രജിത്ത് , വി പി ശിഹാബ് എന്നിവരാണ് പരിശോധന സംഘത്തിലുള്ളത് .

