തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കേസില്‍ പ്രതികളായ മറ്റ് മൂന്നുപേരുടെ വീട്ടിലും റെയ്ഡ് നടന്നു. വിജിലന്‍സ് പ്രത്യേക സെല്‍ ഡിവൈഎസ്പി എസ് അജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വിഎസ് ശിവകുമാറിനും പ്രതികള്‍ക്കുമെതിരെ ഇന്നലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വി.എസ്. ശിവകുമാറിനൊപ്പം പ്രതിചേര്‍ത്തവര്‍ ശിവകുമാറിന്റെ ബിനാമികളെന്ന് വിജിലന്‍സിന്റെ എഫ്ഐആറില്‍ പറയുന്നു.
ശിവകുമാര്‍ മന്ത്രിയായിരിക്കെ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. സ്വത്ത് സമ്പാദനത്തിനായി ശിവകുമാര്‍ ഇവരുമായി ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. വരവുമായി യോജിക്കാത്ത ചെലവാണ് പ്രതിയായ ഹരികുമാറിന്റേതെന്നും എഫ്ഐആറിലുണ്ട്.
മന്ത്രിയായിരിക്കെ വിഎസ് ശിവകുമാറും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ശിവകുമാറിന്റെ ബിനാമി ഇടപാട് കണ്ടെത്തിയത്.

