Saturday, May 18, 2024
spot_img

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന് സസ്പെൻഷൻ

പാലക്കാട്: മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിനെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.

വസ്തുവിന്‍റെ ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാർ ഇന്നലെ രാവിലെ വിജിലൻസിന്റെ പിടിയിലായത്.
പാലക്കയം വില്ലേജ് പരിധിയില്‍ 45 ഏക്കര്‍ സ്ഥലമുള്ള മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്‍റെ കൈവശമാണെന്നറിഞ്ഞു. തുടർന്ന് ഇയാളെ ഫോണില്‍ വിളിച്ചപ്പോള്‍ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി മണ്ണാര്‍ക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളജില്‍ എത്താനാണ് ആവശ്യപ്പെട്ടത്.

തുടർന്ന് ഈ വിവരം പരാതിക്കാരൻ പാലക്കാട് വിജിലൻസിനെ അറിയിച്ചു. മണ്ണാര്‍ക്കാട് എംഇഎസ് കോളജിനു മുൻവശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് ബാബുവിന്റെ കാറില്‍വച്ച്‌ 2500 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇതേ വസ്തു എല്‍എ പട്ടയത്തില്‍ പെട്ടതല്ലായെന്ന സര്‍ട്ടിഫിക്കറ്റിനായി ഇതേ പരാതിക്കാരന്റെ പക്കല്‍നിന്ന് ആറു മാസം മുമ്പ് 10,000 രൂപയും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി അഞ്ചു മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നു എന്നും പറയപ്പെടുന്നു.

സുരേഷ് കുമാറിന്റെ താമസ സ്ഥലത്തുനിന്ന് പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.5 കോടി രൂപ കണ്ടെടുത്തു. ഇയാൾ താമസിച്ചിരുന്ന മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ നടത്തിയ പരിശോധനയിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ഉൾപ്പെടെ കണ്ടെടുത്തത്

Related Articles

Latest Articles