Thursday, May 2, 2024
spot_img

മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടുന്നു ! AI ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് കെൽട്രോൺ

തിരുവനന്തപുരം : സേഫ് കേരള പദ്ധതി പ്രകാരം സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് കെൽട്രോൺ. കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടുന്നതിനാൽ ക്യാമറയുടെ വിലവിവരം വെളിപ്പെടുത്താനാകില്ലെന്നാണ് ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചതിന് കെൽട്രോൺ നൽകിയിരിക്കുന്ന മറുപടി.

നേരത്തെ വാർത്താ സമ്മേളനത്തില്‍ ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപയാണ് വിലയെന്നാണ് കെൽട്രോൺ സിഎംഡി എൻ.നാരായണ മൂർത്തി പറഞ്ഞിരുന്നത്. ക്യാമറയുടെ വിലയ്ക്ക് പുറമെ ക്യാമറ സംബന്ധിച്ച് സർക്കാരിന് സമർപ്പിച്ച ടെക്നോ കൊമേഷ്യൽ പ്രെപ്പോസലും പുറത്ത് വിടാൻ കെൽട്രോൺ തയ്യാറായിട്ടില്ല. വ്യാപാര രഹസ്യങ്ങളുള്ള കരാറാണെന്നാണ് കെൽട്രോൺ ഇതിന് ന്യായമായി പറയുന്നത്.

4ഡി റഡാർ ബേസ്‌ഡ് ഓട്ടോമേറ്റഡ് സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (4 എണ്ണം), 4ഡി–3ഡി റഡാർ ബേസ്‌ഡ് ഓട്ടോമേറ്റഡ് മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (4എണ്ണം), റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (18 എണ്ണം), പാർക്കിങ് വയലേഷൻ സിസ്റ്റം (25 എണ്ണം), എഐ ബേസ്‌ഡ് എൻഫോഴ്സ്മെന്റ് സിസ്റ്റം (675 എണ്ണം) എന്നിവയാണ് സംസ്ഥാനത്തെ നിരത്തുകളിൽ സ്ഥാപിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് സർവറിലേക്ക് അയയ്ക്കുന്നത്. വിഡിയോ ദൃശ്യങ്ങൾ പകർത്താനുള്ള സംവിധാനമില്ല.

സർക്കാർ ഇവാല്യുവേഷൻ കമ്മിറ്റി പരിശോധിച്ചശേഷം 20 ത്രൈമാസ ഗഡുക്കളായി 5 വർഷം കൊണ്ടാണ് കെൽട്രോണിന് ക്യാമറ പദ്ധതിയുടെ തുക സർക്കാർ നൽകുന്നത്. കരാർ കമ്പനിയായ എസ്ആർഐടിയുടെ ടെണ്ടർ തുകയായ 151.22 കോടി രൂപ 20 തുല്യ ഗഡുക്കളായി കെൽട്രോൺ നൽകും. പദ്ധതിയുടെ മൊത്തം ചെലവ് 232 കോടി രൂപയാണ്.

Related Articles

Latest Articles