Wednesday, January 14, 2026

നാടെങ്ങും ഭക്തി നിർഭരമായ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ; വിഘ്‌ന വിനാശകനെ പിറന്നാൾ ദിനത്തിൽ ദർശിച്ച് പതിനായിരങ്ങൾ; ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

തിരുവനന്തപുരം: വിഘ്ന വിനാശകന്റെ ജന്മദിനത്തിൽ നാടെങ്ങും ഭക്തി നിർഭരമായ ആഘോഷങ്ങൾ. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനം. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണേശ്വരന്റെ പിറന്നാൾ ദിനത്തിൽ ചതുർത്ഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. വിനായകചതുർത്ഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

ഗണേശ ചതുർത്ഥി ദിനമായ ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കാൻ പതിനായിരങ്ങൾ എത്തിച്ചേർന്നു. ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി നിരവധി ഗണേശ വിഗ്രഹങ്ങൾ നാടെങ്ങും ഉയർന്നുകഴിഞ്ഞു. രാഷ്ട്രപതി അടക്കം രാഷ്ട്രീയ നേതാക്കൾ ഗണേശ ചതുർത്ഥി ആശംസകൾ നേർന്നു. ഐക്യത്തിന്റെ മഹോത്സവം കൂടിയാണ് വിനായക ചതുർത്ഥി. ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്ട്രീയ യോഗങ്ങൾ നിരോധിച്ചപ്പോൾ ബാലഗംഗാധര തിലകന്റെ നേതൃത്വത്തിൽ ഗണേശോത്സവങ്ങൾ സംഘടിപ്പിച്ചാണ് സ്വാതന്ത്യ സമരകാലത്ത് ജനങ്ങളെ സംഘടിപ്പിച്ചത്.

Related Articles

Latest Articles