Wednesday, September 30, 2026

കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതിന് പിന്നാലെ ഫ്രാൻസിൽ കലാപം രൂക്ഷം; അഞ്ചാം ദിവസവും പ്രക്ഷോഭ കാരികൾ തെരുവിൽ, സംഘർഷത്തിന്റെ മറവിൽ നടക്കുന്നത് വൻ കൊള്ളയും തീവയ്പ്പും

പാരിസ് : കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതിന് പിന്നാലെ ഫ്രാൻസിൽ അഞ്ചാം ദിവസവും കലാപം അവസാനം കാണാതെ തുടരുകയാണ്. തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതുവരെ 1300ൽ ഏറെ പേരാണ് സംഘർഷത്തിൽ അറസ്റ്റിലായത്. സംഘർഷത്തിന്റെ മറവിൽ പലയിടത്തും നടക്കുന്നത് വൻ കൊള്ളയും തീവയ്പുമാണ്.
കിഴക്കൻ ഫ്രാൻസിലെ മെറ്റ്സിൽ ഒരു ലൈബ്രറി കെട്ടിടത്തിന് കലാപകാരികൾ തീയിട്ടു. പ്രക്ഷോഭകാരികള്‍ പൊലീസ് വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചതായും ബാങ്കുകള്‍ കൊള്ളയടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കലാപം രൂക്ഷമായതോടെ ജർമൻ സന്ദർശനം റദ്ദാക്കിയ പ്രസിഡന്റ് ഇമ്മാനുവെൽ മക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു.

ഇതിനിടെ കലാപത്തിൽ കൊല്ലപ്പെട്ട പതിനേഴുകാരന്‍റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. അള്‍ജീരിയന്‍–മൊറോക്കന്‍ വംശജനായ നയെല്‍ എന്ന പതിനേഴുകാരനെയാണ് വാഹനപരിശോധനയ്ക്കിടെ പൊലീസ് അകാരണമായി വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ഇമ്മാനുവെൽ മക്രോൺ ആവശ്യപ്പെട്ടു.

Related Articles

Latest Articles