ബാങ്കോക്ക് : ഫിറ്റ്നസ്‍ വിഡിയോകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ജർമൻ ബോഡിബിൽഡർ ജോ ലിൻഡ്നറുടെ മരണം അദ്ദേഹത്തിന്റെ ആരാധകരെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ ജോസ്തെറ്റിക്സ് എന്ന പേജിലൂടെ ഒമ്പതു ലക്ഷത്തോളം ആരാധകരാണ് ജോ ലിൻഡ്നറെ പിന്തുടരുന്നത്. ഇപ്പോൾ 30–ാം വയസ്സിലുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കാമുകിയും തായ് ബിൽഡറുമായ നിച്ച. തായ്‍ലൻഡിൽ വച്ചായിരുന്നു ലിൻഡ്നർ മരിച്ചത്.
‘‘ഞങ്ങൾക്ക് അതിനെക്കുറിച്ചു പൂർണമായും മനസ്സിലായിരുന്നില്ല. തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി.’’– നിച്ച വ്യക്തമാക്കി. അന്യൂറിസം കാരണമാണ് ജോ ലിൻഡ്നറുടെ മരണമെന്നും നിച്ച പ്രതികരിച്ചു. ‘‘ഞാന്‍ അദ്ദേഹത്തോടൊപ്പം മുറിയിലുണ്ടായിരുന്നു. എനിക്കായി വാങ്ങിയ മാല കഴുത്തിൽ അണിയിച്ചു. അദ്ദേഹം എന്റെ കൈകളിലായിരുന്നു. വളരെ വേഗത്തിലാണ് അതു സംഭവിച്ചുകൊണ്ടിരുന്നത്. മൂന്നു ദിവസം മുൻപ് കഴുത്തുവേദനയുണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾക്കതു ശരിക്കും മനസ്സിലായിരുന്നില്ല.’’– നിച്ച പറഞ്ഞു.
ആഴ്ചകൾക്കു മുൻപ് തനിക്ക് റിപ്ലിംഗ് മസിൽ ഡിസീസ് എന്ന അപൂർവ്വ രോഗം ബാധിച്ചതായി ലിൻഡ്നർ വെളിപ്പെടുത്തിയിരുന്നു. മസ്തിഷ്കത്തിലെ രക്തക്കുഴലിൽ ചെറിയ വീക്കം വരുകയും, അതുകാരണം മസ്തിഷ്കത്തിനു സമ്മർദമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ബ്രെയിന്‍ അന്യൂറിസം. രക്തക്കുഴലുകളുടെ ബലം നഷ്ടമായി പൊട്ടുമ്പോൾ മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടാകുകയും രോഗി മരണപ്പെടുകയും ചെയ്യും.
ഒരു നിശാക്ലബിലെ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കി വരവെയാണ് ഫിറ്റ്നസ് സംബന്ധിച്ച വീഡിയോകൾ അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കു വയ്ക്കുന്നതും അത് കൂടുതൽ ശ്രദ്ധ നേടുന്നതും. പിന്നാലെ ജോലി ഉപേക്ഷിച്ച അദ്ദേഹം പൂർണ്ണമായും ഈ രംഗത്തേക്ക് കടന്നു വന്നു. പിന്നാലെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ‘ഏലിയൻ ഗെയ്ൻസ്’ എന്ന മൊബൈൽ ആപ്പും അദ്ദേഹം ആരംഭിച്ചു.
എന്നാൽ താൻ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തിയതോടെ ഒട്ടനവധി വിമർശനങ്ങളും അദ്ദേഹം നേരിടേണ്ടി വന്നു

