Wednesday, May 15, 2024
spot_img

ലോക ക്രിക്കറ്റിന് ഇനി പുതു ദൈവം ! അമ്പതാം ഏകദിന സെഞ്ചുറിയുമായി മിന്നിത്തിളങ്ങി വിരാട് കോഹ്‌ലി; അതിവേഗ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ !ന്യൂസിലാൻഡിനെതിരെ വമ്പൻ സ്‌കോർ കണ്ടെത്തി ഇന്ത്യ

മുംബൈ : അമ്പതാം ഏകദിന സെഞ്ചുറിയുമായി വിരാട് കോഹ്‌ലിയും അതിവേഗ സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കളം നിറഞ്ഞു കളിച്ചപ്പോൾ ന്യൂസിലൻഡിനെതിരായ സെമി പോരാട്ടത്തിൽ വമ്പൻ സ്‌കോർ ഉയർത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50-ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് അടിച്ചെടുത്തത് .

കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടു തന്നെ ഗില്ലും രോഹിത്തും ആദ്യ ഓവറുമുതല്‍ തന്നെ കിവീസ് ബൗളര്‍മാരെ പ്രഹരിച്ചു. വെടിക്കെട്ടുമായി ഇരുവരും വാംഖഡെയില്‍ കളം നിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോർഡ് അതിവേഗത്തിൽ കുതിച്ചു. സ്‌കോര്‍ 71-ല്‍ നില്‍ക്കേ സൗത്തിയുടെ പന്തില്‍ വില്ല്യംസൺ പിടികൂടിയതോടെ രോഹിത് പുറത്തായി.

പിന്നീട് ക്രീസിലെത്തിയ കോഹ്ലി പതിയെയാണ് തുടങ്ങിയത്. മറുവശത്ത് ഗില്‍ ആക്രമിച്ചു കളിച്ചു.22.4 ഓവറില്‍ ടീം 164-1 എന്ന നിലയില്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്‍ പേശി വലിവിനെത്തുടർന്ന് റിട്ടയേഡ് ഹര്‍ട്ടായി പവലിയനിലേക്ക് മടങ്ങി. പകരം ക്രീസിലെത്തിയത് ശ്രേയസ്സ് അയ്യരായിരുന്നു. പിന്നാലെ അർദ്ധ സെഞ്ചുറി തികച്ച ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50-ലധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി.വ്യക്തിഗത സ്‌കോർ 80-റണ്‍സിലെത്തിയതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. 673-റണ്‍സ് നേടിയ (2003) സച്ചിന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. പിന്നാലെ ഏകദിന കരിയറിലെ 50-ാം സെഞ്ചുറിയും താരം തികച്ചു.

ടീം സ്‌കോര്‍ 327 ൽ വച്ചാണ് കോഹ്ലി സൗത്തിയുടെ പന്തില്‍ കോണ്‍വേയ്ക്ക് പിടികൊടുത്ത് മടങ്ങുന്നത്. അവസാന ഓവറുകളില്‍ ശ്രേയസ്സും കൂറ്റനടികളുടെ അകമ്പടിയോടെ സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തി. പിന്നാലെ കെ എല്‍ രാഹുലും (39) തിരിച്ചുവന്ന ഗില്ലിന്റേയും പ്രകടനത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 397-ല്‍ അവസാനിച്ചു. ഒരു റണ്‍ മാത്രമെടുത്ത സൂര്യകുമാര്‍ യാദവ് ഇന്ന് നിരാശപ്പെടുത്തി. കിവീസിനായി ടീം സൗത്തി 3 വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു.

Related Articles

Latest Articles