ദില്ലി : ജി20 നേതാക്കളുടെ വിർച്വൽ ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഇസ്രായേൽ- ഹമാസ് യുദ്ധം അടക്കമുള്ള നിരവധി ആഗോള പ്രശ്‌നങ്ങൾ ഉച്ചകോടിയിൽ ചർച്ചയായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് വൈകുന്നേരം 5.30 നാണ് യോഗം ചേരുന്നത്.
ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനം ഈ മാസം അവസാനിക്കാനിരിക്കെയാണ് വിർച്വൽ ഉച്ചകോടി വിളിച്ചുചേർത്തിരിക്കുന്നത്. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുക്കും. എന്നാൽ, ഔദ്യോഗിക കാരണങ്ങളാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കയ്ക്കായി ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ചൈനയ്ക്കായി പ്രധാനമന്ത്രി ലി ക്യുയാങും പങ്കെടുക്കും. അതേസമയം, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ജി20 ഉച്ചകോടി വേളയിൽ തന്നെ നവംബറിൽ നേതാക്കളുടെ ഒരു ഉച്ചകോടി സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. 11 അന്താരാഷ്‌ട്ര സംഘടനകളുടെ തലവന്മാരെയും വിർച്വൽ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജി20 ൽ പാസാക്കിയ പ്രമേയത്തിന്റെ നടപ്പാക്കൽ സംബന്ധിച്ച ചർച്ചകളാകും യോഗത്തിൽ പ്രധാനമായും നടക്കുക. കഴിഞ്ഞ ദിവസം നടന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തിൽ ചൈനീസ് പ്രസിഡജന്റ് ഷി ജിൻ പിങും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ നിന്നും വിട്ടുനിന്നതിനാൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്.

