Monday, October 12, 2026

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി വ്യക്തമാക്കി. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താല്‍ പ്രതികരണം മുമ്പത്തേക്കാളും ശക്തമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ശക്തിയോടെ ഇറാന്‍ സ്വയം പ്രതിരോധിക്കുമെന്നും, നീതിയും ന്യായവും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ വഴി അമേരിക്ക നല്‍കിയ മറുപടി ഇറാന്‍ പരിശോധിച്ചുവരികയാണ്. ആണവ വിഷയങ്ങളില്‍ അമേരിക്ക നേരത്തെ മുന്നോട്ടുവെച്ച പഴയ നിര്‍ദ്ദേശങ്ങളുടെ തുടര്‍ച്ച മാത്രമാണ് പുതിയ മറുപടിയിലുമുള്ളതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി പ്രതികരിച്ചു.

യെമന്റെ ചെങ്കടല്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി യുകെഎംടിഒ (UKMTO) അറിയിച്ചു. യെമനിലെ മോച്ചയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ തെക്കുമാറി ഒരു എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും പാരിസ്ഥിതിക ആഘാതമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇറാന്‍ പിന്തുണയുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന്, ഇംഗ്ലണ്ടിലെ വ്യോമതാവളത്തില്‍ നിന്ന് ബി-1 (B-1) ബോംബര്‍ വിമാനങ്ങള്‍ അമേരിക്ക അടിയന്തരമായി പിന്‍വലിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ റോയല്‍ എയര്‍ഫോഴ്‌സ് ഫെയര്‍ഫോര്‍ഡ് താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ മാറ്റിയത്. ഇതിനിടെ, ഈ താവളത്തിന് സമീപത്തുനിന്ന് സംശയകരമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

Related Articles

Latest Articles