Monday, May 20, 2024
spot_img

നിയന്ത്രണങ്ങളില്ലാത്ത ആഘോഷം, മലയാളിക്കരയ്ക്ക് ഇന്ന് പ്രതീക്ഷയുടെ വിഷു

കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ്. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും നിറഞ്ഞു നിൽക്കുന്ന നാളുകൾ.

ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. എന്നാൽ ഇത്തവണ മേടം 2 നാണ് വിഷു. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലം അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടാണ് വിഷുവും വിഷുക്കണിയും ആഘോഷവുമെല്ലാം ഉള്ളത്.

വിഷുവിനെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർക്കുന്നത് വിഷുക്കണിയും വിഷുക്കൈനീട്ടവുമാണ്. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്. അരി, നെല്ല്,​ അലക്കിയ മുണ്ട്,​ സ്വർണം, വാൽക്കണ്ണാടി,​ കണിവെള്ളരി,​ കണിക്കൊന്ന,​ വെറ്റില, അടക്ക,​ കണ്മഷി, ചാന്ത്, സിന്ദൂരം,​ നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം,​ കിഴക്കോട് തിരിയിട്ട് കത്തിച്ച നിലവിളക്ക്,​ നാളികേരപാതി,​ ശ്രീകൃഷ്ണ വിഗ്രഹം എന്നിവയാണ് വിഷുക്കണി ഒരുക്കാൻ ഉപയോഗിക്കുന്നത്. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. വര്‍ഷം മുഴുവൻ സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ എന്ന അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്.

ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നു. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്. വിഷു മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട്. മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം.

Related Articles

Latest Articles