Monday, April 29, 2024
spot_img

യുക്രെയ്ൻ പ്രശ്നപരിഹാരവുമായി സംബന്ധിച്ച വിവരങ്ങൾ ഭാരതവുമായി പങ്കുവയ്ക്കാൻ ഒരുക്കമെന്ന് വ്ളാഡിമിർ പുട്ടിൻ; ഇന്ത്യൻ നയതന്ത്ര ബന്ധങ്ങൾ അത്യുന്നതങ്ങളിൽ ; തന്റെ പ്രിയ സുഹൃത്ത് നരേന്ദ്രമോദിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു ക്ഷണിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി മോസ്കോയിലെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു ക്ഷണിക്കുന്നതായി പുട്ടിൻ അറിയിച്ചത്. മാത്രമല്ല വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം വിജയാശംസകൾ നേരുകയും തന്റെ ആശംസകൾ അറിയിക്കാൻ ഡോ ജയശങ്കറിനോട് ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയ ശക്തികൾ എന്തായാലും ഭാരതവും റഷ്യയും തമ്മിലുള്ള പരമ്പരാഗത ബന്ധം എന്നും നിലനിൽക്കുമെന്നും പുട്ടിൻ വ്യക്തമാക്കി. മാത്രമല്ല യുക്രെയ്ൻ പ്രശ്നപരിഹാരത്തിന് എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് വിവരങ്ങൾ ഭാരതവുമായി പങ്കുവയ്ക്കാൻ റഷ്യ ഒരുക്കമാണെന്നും പുട്ടിൻ വ്യക്തമാക്കി.

“യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ എന്തും ചെയ്യാൻ നരേന്ദ്ര മോദി തയാറാണെന്ന് തനിക്കറിയാം. പ്രശ്നപരിഹാരത്തിന് എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് വിവരങ്ങൾ ഭാരതവുമായി പങ്കുവയ്ക്കാൻ റഷ്യ ഒരുക്കമാണ്. നിരവധി തവണ മോദിയുമായി യുക്രെയ്നിലെ വിഷയം ചർച്ച ചെയ്തിരുന്നു.

ലോകമെമ്പാടും പല പ്രശ്‌നങ്ങൾ ഉണ്ടായിട്ടും, നമ്മുടെ യഥാർത്ഥ സുഹൃത്തായ ഭാരതവുമായുള്ള ബന്ധം വർദ്ധിച്ചുവരുന്നു എന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. തീർച്ചയായും, ഞങ്ങളുടെ പ്രിയ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അടുത്ത വർഷം ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്നിരുന്നാലും ഞങ്ങൾക്ക് അദ്ദേഹത്തെ കാണണമെന്ന് പറയൂ.. ഞങ്ങളുടെ സുഹൃത്തുക്കൾക്ക് തെരഞ്ഞെടുപ്പിൽ എല്ലാ വിജയവും ആശംസിക്കുന്നു. രാഷ്ട്രീയ ശക്തികൾ എന്തായാലും, നമ്മുടെ രാജ്യങ്ങൾക്കിടയിലെ പരമ്പരാഗത സൗഹൃദ ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’- പുട്ടിൻ പറഞ്ഞു.

അതേസമയം ഭാരതവും റഷ്യയും സൈനിക സാമഗ്രികൾ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മോസ്‌കോയിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഇന്നലെ നടത്തിയ ചർച്ചയ്ക്ക് ശേഷം പുറത്ത് വന്ന ലാവ്‌റോവിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരുകാലത്ത് രാജ്യം ആയുധങ്ങൾ വാങ്ങിയിരുന്നത് ബഹുഭൂരിപക്ഷവും റഷ്യയിൽ നിന്നായിരുന്നു. നിലവിൽ റഷ്യയ്‌ക്കൊപ്പം ഫ്രാൻസ്, അമേരിക്ക,ഇസ്രായേൽ തുടങ്ങിയ ലോകരാജ്യങ്ങളിൽ നിന്നും അതി നൂതന ആയുധങ്ങൾ വാങ്ങുന്നുണ്ട്. ആയുധങ്ങൾക്കൊപ്പം സാങ്കേതികവിദ്യാ കൈമാറ്റവും ഇന്ന് വ്യാപാര ഉടമ്പടിയിൽ ഭരതം ആവശ്യപ്പെടുന്നു. പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത നേടുവാനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾക്കാണ് റഷ്യ ഇപ്പോൾ പൂർണ്ണ പിന്തുണ അറിയിച്ചിരിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ ലോകം ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ റഷ്യൻ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണ് ഭാരതം.

Related Articles

Latest Articles