Saturday, May 18, 2024
spot_img

അനന്തപുരിയിൽ ബിജെപിയെ നയിക്കാന്‍ വി.വി രാജേഷ്;പുതു പ്രതീക്ഷയിൽ അണികൾ

 ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനത്തിലേയ്ക്കെത്തിയ വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്. വിവിധ പരിവാര്‍ സംഘടനകളുടെ ചുമതലകള്‍ വഹിച്ച വി.വി രാജേഷിന് രാഷ്ട്രീയ എതിരാളികള്‍ ഉറ്റ് നോക്കുന്ന തലസ്ഥാന ജില്ലയുടെ ബിജെപിയുടെ  അമരക്കാരന്‍ എന്ന  പുതിയ ചുമതലയാണ് ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്.

1975 മെയ് 5ന് നെടുമങ്ങാട് ‘മായ’യില്‍ വേലായുധന്‍ നായരുടേയും വസന്തകുമാരിയുടേയും മകനായാണ് രാജേഷ് ജനിച്ചത്.   എം.ജി കോളേജ്, മാര്‍ ഇവാനിയോസ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ലോ അക്കാദമിയിലായിരുന്നു അഭിഭാഷക പഠനം. ഇതിനോടകം എബിവിപിയുടെ  പ്രധാന ചുമതലകളും അദ്ദേഹം വഹിച്ചു. എബിവിപി താലൂക്ക് പ്രസിഡന്റ്, ജില്ലാ പ്രമുഖ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകള്‍ ഇതില്‍ ഉള്‍പ്പെടും.

പിന്നീട് യുവമോര്‍ച്ചയിലേയ്ക്ക് എത്തിയ വി.വി രാജേഷ് പോരാട്ടങ്ങളില്‍ എന്നും മുന്‍പന്തിയിലായിരുന്നു. അനീതികളെ ചേദ്യം ചെയ്തു കൊണ്ട് സെക്രട്ടേറിയറ്റിലേയ്ക്ക്  യുവമോര്‍ച്ച നടത്തിയ നിരവധി മാര്‍ച്ചുകള്‍ക്ക് നേരെ പോലീസ് അതിക്രമം കാട്ടിയപ്പോള്‍ കൊടിയ പീഡനങ്ങളാണ് രാജേഷിന് ഏറ്റുവാങ്ങേണ്ടി വന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇടയില്‍  വി.വി എന്നറിയപ്പെടുന്ന വി.വി  രാജേഷ് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്, നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. ബിജെപിയുടെ സംസ്ഥാന വക്താവ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 

ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍ സമരം, ലോ അക്കാദമി സമരം, ശബരിമല യുവതി പ്രവേശനത്തിന് എതിരെ നടന്ന സമരം തുടങ്ങി ശ്രദ്ധേയമായ നിരവധി സമരങ്ങള്‍ക്ക് നേത്യത്വം നല്‍കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നും രാജേഷ് മത്സരിച്ചു. 

ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പാണ് രാജേഷിനെ കാത്തിരിക്കുന്ന ആദ്യ ഊഴം. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പാണ് രാഷ്ട്രീയപരമായി രാജേഷ് നേരിടുന്ന ആദ്യ വെല്ലുവിളി. പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയെ നഗരസഭയില്‍ ഭരണപക്ഷത്തെത്തിക്കണം. മറ്റ് നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ഭരണം പിടിക്കാന്‍  തക്കവണ്ണം പ്രവര്‍ത്തകരെ സജ്ജമാക്കണം. വഞ്ചിയൂര്‍ മാത്യഭൂമി റേഡിലാണ് വി.വി രാജേഷും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. നിത്യ എസ് നായരാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ദേവനാരായണ്‍, വേദവ്യാസ് എന്നിവര്‍ മക്കളാണ്.

Related Articles

Latest Articles