Wednesday, May 15, 2024
spot_img

വാളയാർ കേസ് പുനരന്വേഷണം സിബിഐ തന്നെ നടത്തണമെന്ന് കോടതി; നിലവിലെ കുറ്റപത്രം തള്ളി, ഉത്തരവ് പാലക്കാട് പോക്‌സോ കോടതിയുടേത്

പാലക്കാട്:വാളയാർ കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പുനരന്വേഷണം സിബിഐ തന്നെ നടത്തണമെന്നാണ് ഉത്തരവ്. കുട്ടികളുടെത് ആത്മഹത്യ തന്നെയാണെന്ന് പറഞ്ഞ് സമർപ്പിച്ച നിലവിലെ കുറ്റപത്രം കോടതി തളളി. പാലക്കാട് പോക്‌സോ കോടതിയുടേതാണ് ഈ ഉത്തരവ്.

കുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് ഈ വിധി. കുറ്റപത്രം തളളിയതിൽ സന്തോഷമുണ്ടെന്നാണ് അമ്മ പ്രതികരിച്ചത്. അറിയാവുന്ന തെളിവുകൾ എല്ലാം സിബിഐയ്‌ക്ക് കൈമാറിയിരുന്നു. ഇനി അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കൊലപാതകമെന്ന രീതിയിൽ അന്വേഷിക്കണമെന്നും അവർ വ്യക്തമാക്കി.

നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥനായ സോജൻ കണ്ടെത്തിയ കാര്യം തന്നെ ആ ഉദ്യോഗസ്ഥർ ശരിവെക്കുകയായിരുന്നു. ഇനി ഒരു വാളയാർ ആവർത്തിക്കരുത്. അതിന് വേണ്ടിയാണ് നീക്കം. അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ അവഗണിക്കുകയായിരുന്നുവെന്നും അമ്മ കുറ്റപ്പെടുത്തി.

ഇനി വരുന്ന ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷിക്കുമെന്ന് വിശ്വാസമുണ്ട്. അങ്ങനെയാകുമെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു. ഡിസംബർ 27 നാണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കുട്ടികളുടെ മരണം കൊലപാതകമാണെന്ന് സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും ആത്മഹത്യ തന്നെയാണെന്നും ആയിരുന്നു സിബിഐ സംഘത്തിന്റെ കണ്ടെത്തൽ.

Related Articles

Latest Articles