Wednesday, May 15, 2024
spot_img

വാളയാർ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും പിഴവ് സംഭവിച്ചു; കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി

കൊച്ചി: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പോക്സോ കോടതി ഉത്തരവാണ് റദ്ദാക്കിയത്. സർക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീൽ ഹൈക്കോടതി അം​ഗീകരിച്ചു. കേസിൽ പുനർ വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

അതേസമയം നേരത്തെ കേസിലെ നാല് പ്രതികളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് പോക്സോ കോടതി വെറുതെ വിടുകയായിരുന്നു. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്. മാത്രമല്ല, ലഭ്യമായ തെളിവുകള്‍ വിചാരണ കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. 2017ലാണ് വാളയാറിലെ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. 13കാരി ജനുവരിയിലും ഒമ്പത് വയസുകാരി മാര്‍ച്ചിലും തൂങ്ങിമരിച്ചു. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് പിന്നീട് തെളിഞ്ഞിരുന്നു.വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്സോ കോടതി വെറുതെ വിട്ടിരുന്നത്. കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടരന്വേഷണത്തിന് ഒരുക്കമാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പോലീസിന്‍റെ ഭാഗത്ത് നിന്ന് പ്രതികള്‍ക്ക് അനുകൂലമാകുന്ന നടപടികളാണ് കേസിന്റെ തുടക്കം മുതലുണ്ടായതെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

Related Articles

Latest Articles