ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക തുടർന്ന് രാത്രി എട്ടുമണിവരെ നീളുന്ന എട്ടു മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ബിൽ രാജ്യസഭയും പാസാക്കേണ്ടതുണ്ട്. അടുത്തദിവസം തന്നെ ബിൽ രാജ്യസഭയിലുമെത്തും എന്നാണ് സൂചന. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഏപ്രിൽ 4 ന് അവസാനിക്കും.
നേരത്തെ ബിൽ ലോക്‌സഭയിൽ വന്നെങ്കിലും സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയായിരുന്നു. ബില്ല് പരിഗണിച്ച് സംയുക്ത പാർലമെന്ററി സമിതി വ്യവസ്ഥകൾ അംഗീകരിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പടക്കം ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്. ബില്ല് നേരത്തെ കേന്ദ്ര മന്ത്രിസഭയും അംഗീകരിച്ചിരുന്നു. ബില്ല് ആദ്യം പരിഗണിച്ചപ്പോൾ ഉണ്ടായ പ്രതിപക്ഷ എതിർപ്പുകൾ ഇപ്പോൾ ദുർബലമായി എന്നതാണ് ശ്രദ്ധേയം.
സംയുക്ത പാർലമെന്ററി സമിതി ബില്ല് പരിഗണിച്ചതോടെ വിഷയം രാജ്യം മുഴുവൻ ചർച്ചയായി. ബില്ലിനെ എതിർത്ത പല വിഭാഗങ്ങളും ഇപ്പോൾ ബില്ലിന് അനുകൂലമാണ്. മുനമ്പത്തെ അനുഭവം ബില്ലിനനുകൂലമായ നിലപാടെടുക്കാൻ ക്രൈസ്തവ സഭകളെ പ്രേരിപ്പിച്ചു. ബില്ലിനെ എതിർത്ത് നിയമസഭയിൽ പ്രമേയം പാസാക്കിയ എൽ ഡി എഫിനോടും യു ഡി എഫിനോടും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ക്രൈസ്തവ സഭകൾ ആവശ്യപ്പെട്ടത് അവർക്ക് വലിയ തിരിച്ചടിയായി. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കെ സി ബി സി കേരളത്തിൽ നിന്നുള്ള എം പി മാരോട് ആവശ്യപ്പെട്ടിരുന്നു. സി ബി സി ഐയും സീറോ മലബാർ സഭയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. കേരളത്തിൽ ക്രൈസ്തവ സഭകളുടെ നിലപാട് കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. പാർട്ടി കോൺഗ്രസ് നടക്കുകയാണെങ്കിലും ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുമെന്ന് സിപിഎംന് അറിയിച്ചു.

