Thursday, December 18, 2025

വഖഫ് നിയമഭേദഗതി ! കേന്ദ്രസർക്കാർ മുന്നോട്ട് തന്നെ ; ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം

ദില്ലി : വഖഫ് നിയമഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം. ബില്ലുമായി ബന്ധപ്പെട്ട റിപ്പോർട്ടിന് അന്തിമ രൂപം നൽകുന്നതിനായി ചേർന്ന യോഗത്തിലായിരുന്നു സമിതി അംഗീകാരം നൽകിയത്. ബജറ്റ് അവതരണത്തോട് അനുബന്ധിച്ച് ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. 14 ഭേദഗതികളോടെ വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകിയിരിക്കുന്നത്.

ബിജെപി നിർദ്ദേശിച്ച ഭേദഗതികളിൽ 14 എണ്ണത്തിന് പിന്തുണ ലഭിച്ചു. നിയമത്തിൽ 44 ഭേദഗതികൾ പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിൽ ഇവയ്ക്ക് പിന്തുണ ലഭിച്ചില്ല. ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള നിയമത്തിലെ വ്യവസ്ഥകളിലാണ് പ്രധാനമായും മാറ്റം ഉണ്ടാകുന്നത് എന്നാണ് വിവരം.വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിനു ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണു പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജ്ജു വഖഫ് ഭേദഗതി ബില്ല് മുന്നോട്ടുവച്ചത്.

സംയുക്ത പാർലമെന്ററി സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാലിന്റെ നേതൃത്വത്തിൽ ആയിരുന്നു യോഗം. എല്ലാ പ്രതിപക്ഷ അംഗങ്ങളും യോഗത്തിന് എത്തിയിരുന്നു. നിയമത്തിലെ ഓരോ ഭാഗങ്ങളും യോഗത്തിൽ വിശദമായി പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു.

നവംബര്‍ 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.

Related Articles

Latest Articles