Thursday, December 25, 2025

ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു.. ആവശ്യമായ എല്ലാ സഹായങ്ങളും നൽകും- ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഉത്തരാഖണ്ഡിനെ നടുക്കിയ മേഘവിസ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതി​ഗതികൾ വിലയിരുത്തിവരികയാണെന്നും ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

“പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ. മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിയുമായി സംസാരിച്ചു. സ്ഥിതി​ഗതികൾ വിലയിരുത്തിവരികയാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും.”-പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

അപകടമേഖലയിൽ എസ്ഡിആർഎഫ്, എൻഡിആർഎഫ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഉത്തരകാശിയിലെ ധരാലിയിൽ രണ്ട് മണിക്കുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിക്കുകയും അമ്പതോളം പേരെ കാണാതാവുകയും ചെയ്തു. ഇതിൽ 16 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.ഉത്തരകാശിയിലെ ധരാലിയിലാണ് ആദ്യം മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്ന് മിന്നൽ പ്രളയത്തിനാണ് ധരാലി പ്രദേശം സാക്ഷ്യം വഹിച്ചത്. നാല് പേരുടെ മരണം സ്ഥിരീകരിച്ചു. അറുപതിലധികം പേർ മണ്ണിനടിയിലായെന്നാണ് കരുതുന്നത്.

മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികൾ കരകവിഞ്ഞൊഴുകി. കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ. നൈനിത്താൽ ഹൽദ്വാനി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയത്.

Related Articles

Latest Articles