തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച്ച മുതൽ മഴ(Rain) വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്.
ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ബുധനാഴ്ച ജാഗ്രതാനിര്‍ദേശം നല്‍കി. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
രണ്ടു ദിവസത്തെ കലിതുള്ളിയ പെരുമഴയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നു തെളിഞ്ഞ കാലാവസ്ഥയെന്നു പ്രവചനം. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. അതേസമയം സംസ്ഥാനത്തെ പതിനാലു ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും നാളെയും പ്രത്യേക ജാഗ്രതാ നിര്‍ദേശം ഒന്നുമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടര മില്ലി മീറ്റര്‍ മുതല്‍ പതിനഞ്ചര മില്ലി മീറ്റര്‍ വരെയുള്ള ചെറിയ മഴയോ 64 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയോ ആണ് ഈ ദിവസങ്ങളില്‍ പെയ്യാനിടയുള്ളത് എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

