മജ്ദൽ ഷാംസിനെതിരായ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേൽ ശക്തമായ തിരിച്ചടി നൽകണമെന്ന് മുൻ യുദ്ധ കാബിനറ്റ് മന്ത്രിയും മുഖ്യ പ്രതിപക്ഷമായ നാഷണൽ യൂണിയൻ പാർട്ടിയുടെ തലവനുമായ ബെന്നി ഗാൻ്റ്സ് ആഹ്വനം ചെയ്തു. ലെബനനെ ആക്രമിച്ച് തകർക്കണമെന്നും ഗാൻ്റ്സ് ആവശ്യപ്പെട്ടു. ചാനൽ 12 ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഐഡിഎഫ് പ്രത്യാക്രമണത്തിന് തയ്യാറാണ്. ഉടൻ തന്നെ ഞങ്ങൾക്ക് അത് കാണാൻ സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നു. സമയം കളയുന്നത് തുടരാനാവില്ല. ഇത് ദുരന്തങ്ങൾ മാത്രമേ ക്ഷണിച്ച് വരുത്തൂ.” – ബെന്നി ഗാൻ്റ്സ് പറഞ്ഞു.
പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുണ്ടാകുമെന്ന ഭീതിയിൽ പാശ്ചാത്യ രാജ്യങ്ങളും സൗദിയും പൗരന്മാരെ തിരികെ വിളിച്ചിട്ടുണ്ട് . ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിലെ ഫുട്ബോൾ ഗ്രൗണ്ടിൽ ശനിയാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തിൽ കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.ഗാസയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഇസ്രായേലിലോ ഇസ്രായേൽ അധിനിവേശ പ്രദേശത്തോ ഉണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. ഇന്നലെ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമസേന കനത്ത ബോംബിങ് നടത്തിയിരുന്നു.

