Wednesday, September 23, 2026

പശ്ചിമ ബംഗാളിലെ ആദ്യ ആഴക്കടൽ തുറമുഖമായ താജ്‌പൂർ തുറമുഖത്തിനായി അദാനി ഗ്രൂപ്പിന് സമ്മതപത്രം കൈമാറി സർക്കാർ ; കിഴക്കൻ ഇന്ത്യയുടെ മുഴുവൻ സമുദ്ര കവാടമായി മാറുന്ന ഒരു സമ്പൂർണ്ണ അടിസ്ഥാന സൗകര്യ ആവാസവ്യവസ്ഥ നിർമ്മിക്കാൻ തയ്യാറാണെന്ന് അറിയിച്ച് കരൺ അദാനി

ബംഗാൾ : താജ്‌പൂരിലെ ആഴക്കടൽ തുറമുഖം വികസിപ്പിക്കുന്നതിനുള്ള സമ്മതപത്രം പശ്ചിമ ബംഗാൾ സർക്കാർ ബുധനാഴ്‌ച്ച അദാനി ഗ്രൂപ്പിന് കൈമാറി . മുഖ്യമന്ത്രി മമത ബാനർജി, വ്യവസായ മന്ത്രി ശശി പഞ്ച, ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദി എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാർ ആതിഥേയത്വം വഹിച്ച ചടങ്ങിൽ അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ കരൺ അദാനി സമ്മതപത്രം ഏറ്റുവാങ്ങി.

വ്യവസായ സെക്രട്ടറിയും പശ്ചിമ ബംഗാൾ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനുമായ വന്ദന യാദവും ചടങ്ങിൽ പങ്കെടുത്തിരുന്നു. “പശ്ചിമ ബംഗാളിലെ ആദ്യ ആഴക്കടൽ തുറമുഖമായ താജ്‌പൂർ തുറമുഖത്തിനായി കരാറിൽ ഒപ്പുവെച്ച കാര്യം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. വെറുമൊരു തുറമുഖമല്ല, കിഴക്കൻ ഇന്ത്യയുടെ മുഴുവൻ സമുദ്ര കവാടമായി മാറുന്ന ഒരു സമ്പൂർണ്ണ അടിസ്ഥാന സൗകര്യ ആവാസവ്യവസ്ഥ നിർമ്മിക്കാൻ ഞങ്ങൾ തയ്യാറാണ്” കരൺ അദാനി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം 15,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്ക് ആവശ്യം. തുറമുഖത്തോട് അനുബന്ധിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് 10,000 കോടി രൂപ കൂടി അനുവദിക്കും. പദ്ധതിയിലൂടെ നേരിട്ട് 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മമത ബാനർജി സർക്കാർ അറിയിച്ചു.

തുറമുഖ നിർമാണത്തിനുള്ള തുറന്ന ടെൻഡറിൽ അദാനി വിജയിക്കുകയിരുന്നു എന്നാണ് റിപ്പോർട്ട്. ഈ വർഷം മാർച്ച് മാസത്തിലായിരുന്നു ലേല നടപടികൾ നടന്നത്. അദാനി ഗ്രൂപ്പിന് പുറമെ ജെഎസ്‌ഡബ്ള്യു ഗ്രൂപ്പും ലേലത്തിൽ പങ്കെടുത്തിരുന്നു.

Related Articles

Latest Articles