Friday, January 9, 2026

“സ്ത്രീ സുരക്ഷയെ മമത സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവ ഭാവത്തിൽ !!”- ആർജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗക്കൊലയിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്

പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സം​​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. സ്ത്രീസുരക്ഷക്ക് ഒട്ടും പ്രാധാന്യം കൊടുക്കാത്ത സർക്കാരാണ് മമത സർക്കാർ എന്ന് വിമർശിച്ച അദ്ദേഹം സംസ്ഥാനത്ത് നിയമപരമായും നയപരമായും പ്രായോഗികപരമായ നടപടികൾ സ്വീകരിച്ച് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുൻഗണന നൽകി ഏറ്റെടുത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തുവാൻ ആരെയും സമ്മതിക്കില്ലെന്നും വ്യക്തമാക്കി.

“ദേശീയതലത്തിൽ തന്നെ സമൂഹ മനസ്സാക്ഷിയെ തന്നെ പിടിച്ചുലച്ച പ്രമാദമായ ഒരു കേസാണിത്. ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഉരുതിരിഞ്ഞു വന്നിട്ടുണ്ട്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വളരെ പിന്നിലാണ് പശ്ചിമബംഗാൾ എന്ന് ഞാൻ പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്. കഴിഞ്ഞ രണ്ടു വർഷമായി അക്രമങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ പലവട്ടം പോയി. അക്രമങ്ങൾ സംഭവിച്ച ഇടങ്ങളിൽ പോയി. ആശുപത്രിയിൽ പോയി ഇരകളെ കണ്ടു. ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വളരെ ലാഘവത്തോടെയാണ് സമൂഹം കൈകാര്യം ചെയ്യുന്നത്, സർക്കാർ കൈകാര്യം ചെയ്യുന്നത്. ഈ നില മാറണം. മാറിയേ പറ്റൂ. ഈ കേസിന്റെ എല്ലാ ഘട്ടത്തിലും വളരെ സജീവമായി ഇടപെടൽ നടത്തിയിട്ടുണ്ട്. അക്രമം നടന്ന ആശുപത്രിയിൽ പലവട്ടം പോയി. ഡോക്ടർമാരുടെ സമരപ്പന്തലിൽ പോയി, മാതാപിതാക്കളെ അവരുടെ വീട്ടിൽ പോയി സന്ദർശിച്ചു, അവരുടെ പരാതികൾ വളരെ പെട്ടെന്ന് തന്നെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വളരെ മോശമായ സംവിധാനമാണ് ഈ സംസ്ഥാനത്തുള്ളത്. ഇതിന് മാറ്റം ഉണ്ടാകണം. സർക്കാർ മുൻകൈയെടുക്കണം,പൊതുജനങ്ങൾ മുൻകൈയെടുക്കണം. എന്ത് നടപടികളാണ് സ്ത്രീ സുരക്ഷയ്ക്ക് വിശേഷിച്ച് മെഡിക്കൽ കോളേജുകളിലും ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും ജോലിചെയ്യുന്ന ഡോക്ടർമാർക്കും അതുപോലെ പാരാമെഡിക്കൽ ജീവനക്കാർക്കും സുരക്ഷ എങ്ങനെ ഏർപ്പെടുത്താം എന്നതിനെ കുറിച്ച് വളരെ വ്യക്തമായ നടപടികൾ സ്വീകരിക്കണം, എന്ത് നടപടികൾ സ്വീകരിച്ചു എന്നത് അറിയിക്കണമെന്ന റിപ്പോർട്ട് സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. അധികം താമസിയാതെ തന്നെ ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചു കൂട്ടി ചർച്ച നടത്തും. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വിശേഷിച്ചും ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ എങ്ങനെ സ്ത്രീ സുരക്ഷ ഉറപ്പാക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ രൂപരേഖ ഉണ്ടാകണം. രൂപരേഖ ഉണ്ടായാൽ മാത്രം പോരാ ഒരു കർമ്മ പദ്ധതിയായി മാറ്റി അത് നടപ്പാക്കുകയും വേണം. മുൻഗണന ഇതിനായിരിക്കും കൊടുക്കുക എന്നതിൽ സംശയമില്ല. ഇതിനിടയിൽ ഗവൺമെന്റ് ഒരു ബില്ല് പാസാക്കി. ഭരണഘടനാപരമായ ന്യൂനതകൾ ആ ബില്ലിൽ ഉണ്ടായിരുന്നു. നിയമപരമായും നയപരമായും പ്രായോഗികപരമായ നടപടികൾ സ്വീകരിച്ച് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുൻഗണന നൽകി ഏറ്റെടുത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തുവാൻ ആരെയും സമ്മതിക്കില്ല”- സി വി ആനന്ദബോസ് പറഞ്ഞു

Related Articles

Latest Articles