Friday, January 9, 2026

ഇത്രയും നാൾ ഇല്ലാത്ത കാശ് സർക്കാരിന് ഇപ്പോൾ എവിടെനിന്ന് വരുന്നു ?

രണ്ടുമാസത്തെ ക്ഷേമപെൻഷൻ നല്കാൻ ധനവകുപ്പ് നീക്കം സജീവമാക്കിയെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്ന, നവകേരള സദസ് തുടങ്ങുന്നതിന് മുൻപ് തന്നെ രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാനുള്ള നീക്കമാണ് ധനവകുപ്പ് ഇപ്പോൾ നടത്തുന്നത്. ധൂർത്തിനിടയിലും സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് ഇതിലൂടെ നടത്തുന്നത്. കൂടാതെ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ജനങ്ങളിലേക്ക് ഇറങ്ങുമ്പോൾ പെൻഷൻ മുടങ്ങിയിരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നത് കൊണ്ടാണ് എന്ത് ചെയ്തും രണ്ടു മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. അതേസമയം, ക്രിസ്മസിന് മുൻപ് തന്നെ ക്ഷേമപെൻഷൻ വിതരണം ചെയ്യുമെന്ന് നേരത്തെ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഓണത്തിനോടനുബന്ധിച്ച് ഓഗസ്റ്റിലാണ് അവസാനമായി ക്ഷേമപെൻഷൻ വിതരണം ചെയ്തത്. അപ്പോൾപോലും ഒരുമാസത്തെ കുടിശ്ശികയുണ്ടായിരുന്നു. അതുൾപ്പെടെ നിലവിൽ നാലുമാസത്തെ പെൻഷൻ കുടിശ്ശികയാണ് സർക്കാർ നൽകാനുള്ളത്. അതേസമയം, പ്രതിപക്ഷം ഇത് ശക്തമായ പ്രചാരണ ആയുധമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിൽ പെൻഷൻ കുടിശ്ശികയുമായി നവകേരള സദസ് നടത്തിയാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ പാർട്ടിയിലും മുന്നണിയിലുമുണ്ട്. അതുകൊണ്ട് എത്രയും വേഗം പെൻഷൻ വിതരണം ചെയ്യാനാണ് സർക്കാർ നീക്കം നടത്തുന്നത്.

പ്രതിമാസം 1600 രൂപ വീതം ഏകദേശം 60 ലക്ഷം പേർക്കാണ് പെൻഷൻ നൽകേണ്ടത്. രണ്ടുമാസത്തെ പെൻഷൻ വിതരണം ചെയ്യണമെങ്കിൽ മൊത്തം 1762 കോടിയോളം രൂപ വേണ്ടി വരും. രണ്ടുമാസത്തെ സാമൂഹികക്ഷേമ പെൻഷന് 1550 കോടിരൂപയും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷന് 212 കോടി രൂപയുമാണ് വേണ്ടത്. ഇതിനിടയിൽ മസ്റ്ററിങ് നടത്താത്തവരെ പട്ടികയിൽ നിന്ന് നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന സൂചനയുമുണ്ട്. അങ്ങനെയാണെങ്കിൽ തുകയിൽ ചെറിയ വ്യത്യാസം വരാം. നിലവിലെ സാഹചര്യത്തിൽ ഇത്രയും തുക കണ്ടെത്തുകയെന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം വല്ലാത്ത ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡിസംബർ വരെയുള്ള വായ്പ പൂർണ്ണമായും എടുത്തു കഴിഞ്ഞു. കഴിഞ്ഞ തവണ കേരളബാങ്കുമായി ബന്ധപ്പെട്ടാണ് പെൻഷനുള്ള സംവിധാനം ഒരുക്കിയത്. ഇക്കുറി അതിനുള്ള സാധ്യതയും കുറവാണ്. മറ്റുള്ള ചെലവുകളെല്ലാം തല്ക്കാലം മാറ്റിവച്ച് ക്ഷേമപെൻഷൻ വിതരണം ചെയ്ത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ധനവകുപ്പ് നടത്തുന്നത്. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളിലെ തടസത്തിൽ പാർട്ടിയിലും മുന്നണിയിലും കടുത്ത അതൃപ്തിയുണ്ട്. കാരണം, വർഷം തോറും ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്നത് ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടായിരുന്നു. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ ബജറ്റിൽ വർധന വരുത്തിയില്ലെന്ന് മാത്രമല്ല, എല്ലാ മാസവും പെൻഷൻ വിതരണം എന്ന രീതി പൊളിയുകയും ചെയ്തു. ഇത് എന്തായാലും തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തൽ പാർട്ടിയിലും മുന്നണിയിലുമുണ്ട്. അതുപോലെതന്നെ, ക്ഷേമപെൻഷൻ നൽകാതെ കേരളീയവും മറ്റും നടത്തുന്നുവെന്ന ആരോപണം ഇപ്പോൾ തന്നെ പ്രതിപക്ഷവും ജനങ്ങളും ഉന്നയിച്ചിട്ടുണ്ട്. 18 മാസം കുടിശിക വരുത്തിയവരാണ് നാലുമാസക്കാരെ വിമർശിക്കുന്നതെന്ന് ഭരണപക്ഷം തിരിച്ചടിയ്ക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യമായിരിക്കും പൊതുസമൂഹം വിലയിരുത്തുകയെന്ന മുന്നറിയിപ്പാണ് പാർട്ടി നൽകുന്നത്.

Related Articles

Latest Articles