ഹമാസുമായുള്ള യുദ്ധം തുടങ്ങി ഒരു മാസം പിന്നിടവെ ഇസ്രായേൽ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. കൂടാതെ, ഓരോ മണിക്കൂറിലും ഇസ്രയേൽ സൈനികർ ഹമാസ് ഭീകരരുടെമേൽ സമ്മർദം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഗാസയുടെ തീരത്ത് ഇസ്രായേൽ പതാക ഉയർത്തുന്ന സൈനികരുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറുന്നത്.
ഗാസയിലെ ബീച്ചിൽ ഒരു കൂട്ടം ഇസ്രായേൽ സൈനികർ പതാക ഉയർത്തുകയും ഇസ്രായേലിന്റെ ദേശീയ ഗാനം ആലപിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടത്. മണലിൽ ഉയർത്തിയിരിക്കുന്ന താൽക്കാലിക കൊടിമരത്തിന് ചുറ്റും ഒരു ഡസനിലധികം സൈനികർ തങ്ങളുടെ രാജ്യത്തിന്റെ പതാക ഉയർത്തി അതിനെ ആദരിക്കുന്നത് നമുക്ക് ദൃശ്യങ്ങളിൽ കാണാം. അതേസമയം, കഴിഞ്ഞ മാസം അവസാനം ഹമാസിനെതിരായ യുദ്ധത്തിൽ ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിൽ നിന്നും ഏകദേശം രണ്ട് മൈൽ അകലെ ഇസ്രായേൽ സൈന്യം തങ്ങളുടെ രാജ്യത്തിന്റെ പതാക ഉയർത്തിയിരുന്നു. 2005 ൽ ഇസ്രായേൽ ഗാസയിൽ നിന്ന് പിന്മാറിയതിനു ശേഷം, ഫലസ്തീൻ പ്രദേശത്ത് ഇസ്രായേലിന്റെ പതാക പറക്കുന്നത് ഇത് ആദ്യമായാണ്. ഇത് എന്തായാലും ഗാസയിൽ ഇസ്രയേലിന്റെ സമ്പൂർണ്ണ ആധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, ഒരു മാസം പിന്നിട്ട യുദ്ധത്തിൽ ഗാസയിൽ മാത്രം മരണം 10000 കവിഞ്ഞിരിക്കുകയാണ്. എന്നാൽ മരണം ഒഴിവാക്കാൻ ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ഇസ്രായേൽ 36 തവണ മുന്നറിയിപ്പ് നല്കിയിരുന്നു. നിരവധിപേർ ഗാസ ഒഴിഞ്ഞ് പോയപ്പോൾ ഹമാസ് സ്വാധീന മേഖലയിൽ ജനങ്ങൾ ഒഴിഞ്ഞ് പോകുന്നത് ഹമാസ് തന്നെ തടയുകയായിരുന്നു. ഹമാസിന്റെ ബോംബുകൾക്കും മിസൈലുകൾക്കും ഒക്കെ പരിചകളാക്കി ജനത്തേ നിർത്തുകയായിരുന്നു ചെയ്തത്. കൂടാതെ, ഗാസയിലെ ഹമാസ് താവളങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രായേൽ കരസേനയുടെ ആക്രമണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ലബനോൻ, സിറിയ, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭീകര സംഘടനകളെല്ലാം ഒറ്റകെട്ടായി നിന്നാണ് ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുന്നത്. എന്നിട്ടും ഇസ്രയേലിന്റെ കരുത്തിനും ശക്തിക്കും ഒട്ടും കോട്ടം പറ്റിയിട്ടില്ല എന്നതിന്റെ തെളിവ് കൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വീഡിയോ.

