Friday, December 19, 2025

ഹമ്പ് ചാടുന്നതിനിടെ ബസിലെ അടയ്ക്കാത്ത വാതിലിലൂടെ തെറിച്ചുവീണു അപകടം;യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്:ആലത്തൂരിൽ സ്വകാര്യ ബസ് ഹമ്പ് ചാടുന്നതിനിടെ അടയ്ക്കാത്ത വാതിലിലൂടെ തെറിച്ചുവീണു അപകടത്തിൽ യാത്രക്കാരന് ദാരുണാന്ത്യം.എരിമയൂർ ചുള്ളിമട തേക്കാനത്ത് വീട്ടിൽ ടി.പി. ജോൺസനാണ് (54) മരിച്ചത്. ദേശീയ പാതയുടെ സർവ്വീസ് റോഡിൽ എരിമയൂർ ഗവ. എച്ച്.എസ്.എസിന് സമീപത്തായിരുന്നു അപകടമുണ്ടായത്.കണ്ണനൂരിൽ സ്വകാര്യ സ്റ്റീൽ ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജോൺസൺ.

ബസ് സ്‌റ്റോപ്പിൽ നിന്ന് 200 മീറ്റർ മുന്നിലുള്ള ഹമ്പ് ചാടുമ്പോൾ ആടിയുലഞ്ഞ ബസിൽ പിന്നിലെ ചവിട്ടുപടിക്ക് സമീപം നിന്ന ജോൺസൺ പാതയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസിന്റെ വാതിൽ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു. ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചിരിത്സയിലിരിക്കെ ഉച്ചകഴിഞ്ഞ് പന്ത്രണ്ടേ മുക്കാലോടെ ജോണ്‍സണ്‍ മരിച്ചു.

Related Articles

Latest Articles