ദില്ലി : തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ തുറന്നടിച്ച് ശശി തരൂര്‍ എംപി. ഇക്കാര്യങ്ങള്‍ പറയുന്നവര്‍ക്ക് അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണമെന്നും ആരാണ് ഇതൊക്കെ പറയുന്നതെന്നും പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണെന്നും തരൂർ ചോദിച്ചു. ദില്ലിയിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇക്കാര്യങ്ങള്‍ പറയുന്നവര്‍ക്ക് അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണം. ആരാണ് ഇതൊക്കെ പറയുന്നത്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്. മറ്റുള്ളവരുടെ പെരുമാറ്റത്തേക്കുറിച്ച് വിശദീകരിക്കാന്‍ എനിക്ക് കഴിയില്ല. അവരുടെ പെരുമാറ്റത്തേക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. എനിക്ക് എന്റെ കാര്യമേ പറയാന്‍ കഴിയൂ’, കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ സംബന്ധിച്ച ചോദ്യത്തോട് തരൂര്‍ പ്രതികരിച്ചു.
ശശി തരൂര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് തിരുത്താത്തിടത്തോളം അദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു പാര്‍ട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തരൂര്‍ ഇപ്പോള്‍ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. പിന്നാലെ തരൂര്‍ പാര്‍ട്ടി വിടുന്നതാണ് നല്ലതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും പറഞ്ഞിരുന്നു തരൂരിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

