ബെംഗളൂരു: ഭാര്യ തന്നെ അടിമയായി കാണുന്നുവെന്ന പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍.
ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യ ആവശ്യപ്പെടാറുള്ളത് വിലപിടിപ്പുള്ള സാധനങ്ങള്‍, എന്നാല്‍ അതെല്ലാം വഴക്കൊഴിവാക്കാനായി അപ്പപ്പോള്‍ തന്നെ വാങ്ങി നല്‍കാറുണ്ടെങ്കിലും തന്നെ അവര്‍ ഒരു അടിമയെ പോലെയാണ് കാണുന്നതെന്നാണ് യുവാവിന്റെ പരാതി. 2020 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. അപ്പാർട്ട്മെന്റിലാണ് ഇരുവരുടെയും താമസം. പരാതി ഇങ്ങനെ:
വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക് ശേഷം ഭാര്യ തന്നെ അടിമയായാണ് കണക്കാക്കുന്നതെന്നും നിരന്തരം തലയിണകൊണ്ട് അടിക്കും യുവാവ് പറയുന്നു. വിലപിടിപ്പുള്ള സാധനങ്ങള്‍ എപ്പോഴും വാങ്ങാന്‍ നിര്‍ബന്ധിക്കും. സ്വകാര്യ ആവശ്യത്തിനായി ഒരു കാര്‍ പോലും ഭാര്യയുടെ നിര്‍ബന്ധത്തിന് വാങ്ങിച്ചു നല്‍കിയെന്നും യുവാവ് പറയുന്നു.
ഭാര്യയെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട യുവാവ് പണത്തിനും വിലപിടിപ്പുളള വസ്തുക്കള്‍ക്കും വേണ്ടി അവര്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും കാരണം കണ്ടെത്തി വഴക്ക് കൂടുമെന്നും പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 25ന് രാത്രി 10.30ഓടെ അപ്പാർട്ട്മെന്റിന്റെ വാതില്‍ യുവാവ് പൂട്ടി. എന്നാല്‍ രാത്രി പുറത്തുപോകണമെന്ന് ഭാര്യ ശാഠ്യം പിടിച്ചു. താക്കോല്‍ ചോദിച്ചപ്പോള്‍ താന്‍ നല്‍കിയില്ല, ഇപ്പോള്‍ പുറത്തുപോകരുതെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് വഴക്ക് ഒഴിവാക്കുന്നതിനായി ഒഴിഞ്ഞുമാറുകയും ചെയ്തു. ശേഷം ഉറങ്ങാന്‍ കിടന്നപ്പോള്‍ കട്ടിലില്‍ കയറി തലയണകൊണ്ട് അവര്‍ തന്നെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതോടെ തള്ളിമാറ്റി. ഇതോടെ നെഞ്ചിലും വയറിലും മാന്തുകയും കടിക്കുകയും ചെയ്തതായി യുവാവ് പറയുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും പോലീസിനെ വിളിച്ചു.
തുടര്‍ന്ന് പൊലീസ് എത്തി രണ്ടുപേര്‍ക്കും കൗണ്‍സലിങ് നല്‍കുകയും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതി ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും തനിക്കെതിരെ അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ സ്ത്രീധന പീഡനപരാതി നല്‍കിയെന്നും കോടതിയില്‍ പോയി പിന്നീട് മുന്‍കൂര്‍ ജാമ്യമെടുക്കുകയായിരുന്നുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.
ദമ്പതികളുടെ പരാതികള്‍ സ്വീകരിച്ച് അന്വേഷണം നടത്തുകയാണെന്നും പ്രശ്‌ന പരിഹാരത്തിനായി ഇരുവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

