Wednesday, January 7, 2026

വീണ്ടും കാട്ടുപന്നി ആക്രമണം; മുളക്കുഴയില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ചെങ്ങന്നൂര്‍: മുളക്കുഴ പഞ്ചായത്തില്‍ വീണ്ടും കാട്ടുപന്നി ആക്രമണം രൂക്ഷമായി. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുളക്കുഴ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ കൊഴുവല്ലൂര്‍ വട്ടമോടിയില്‍ ഓമനയെയാണ് കാട്ടുപന്നി ആക്രമിച്ചത്.

ഇന്നലെ രാവിലെ 8മണിക്കായിരുന്നു ഓമനയ്ക്ക് പന്നിയുടെ ആക്രമണം ഉണ്ടായത്. വീട്ടുപടിക്കല്‍ നില്‍ക്കുകയായിരുന്ന ഓമനയെ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും ഓടിയെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. ഇവരുടെ കാലിന് ഗുരുതര പരിക്കേറ്റു.

പഞ്ചായത്തില്‍ കഴിഞ്ഞ ഏതാനും മാസമായി കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുകയായിരുന്നു. കഴിഞ്ഞ മാസമാണ് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ബൈക്ക് യാത്രക്കാരായ അച്ഛനും മകനേയും കാട്ടുപന്നി ആക്രമിച്ചത്. ലോഡിംഗ് തൊഴിലാളിയായ ഷിബുവിന്റെ തോളെല്ല് ഇളകുകയും വാരിയെല്ല് പൊട്ടുകയും ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന സൗരവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്.

പഞ്ചായത്ത് അധികൃതര്‍ക്കും വനംവകുപ്പിനും നാട്ടുകാര്‍ ചേർന്ന് പരാതി നല്‍കിയെങ്കിലും ഫലമില്ല. ജനവാസ മേഖല ആയതിനാല്‍ പന്നിയെ വെടിവച്ച്‌ കൊല്ലുന്നത് അപകടകരമാണെന്നാണ് വനംവകുപ്പ് പറയുന്നത്.

Related Articles

Latest Articles