Sunday, May 19, 2024
spot_img

കശ്മീരിൽ പെറ്റ് പെരുകി കാട്ടുപന്നികൾ;കൃഷിനാശത്തിനൊപ്പം കശ്മീരിന്റെ ദേശീയ മൃഗമായ ഹംഗുളുകൾക്കും ഭീഷണി

നീണ്ട 40 വർഷങ്ങൾക്ക് ശേഷം കശ്മീരിൽ വീണ്ടും സാന്നിധ്യമറിയിച്ച് കാട്ടുപന്നികൾ. ഇവയുടെ എണ്ണത്തിലുള്ള വർദ്ധനവ് ദോഷകരമായി ബാധിക്കുന്നത് കശ്മീരിന്റെ ദേശീയ മൃഗമായ ഹംഗുളുകൾക്കാണ്. ഏകദേശം ഇരുന്നൂറോളം കാട്ടുപന്നികൾ പ്രദേശത്തുണ്ടെന്നാണ് കണക്ക്.1980-കളിൽ കശ്മീരിൽ നിന്ന് അപ്രത്യക്ഷമായ കാട്ടുപന്നികൾ 2013-ലാണ് പിന്നീട് തിരികെ സാന്നിധ്യമറിയിച്ചത്. ഒരു കാലത്ത് കശ്മീരിൽ ആയിരത്തോളമുണ്ടായിരുന്ന ഹം​ഗുളുകളുടെ എണ്ണം നന്നേ ചുരുങ്ങുന്നതിനിടെയാണ് കാട്ടു പന്നികളുടെ എണ്ണം വർധിക്കുന്നത്.

കശ്മീർ സ്റ്റാഗെന്നും അറിയപ്പെടുന്ന ഹംഗുളുകൾ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ (ഐ.യു.സി.എൻ.) പട്ടികപ്രകാരം ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗമാണ്. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലും ഇവ ഉൾപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ റെഡ് ഡീർ കുടുംബത്തിൽപെട്ട ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അവശേഷിക്കുന്ന ഏക ഉപജാതിയാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇവയുടെ എണ്ണം കുറഞ്ഞു വരികയാണ്. നിലവിൽ 100-261-നുമിടയ്ക്കാണ് ഇവയുടെ എണ്ണം.

കാട്ടുപന്നികളും ഹംഗുളുകളും ഒരേ ആവാസവ്യവസ്ഥ പങ്കു വെയ്ക്കുന്നത് ഭക്ഷണം തേടിയുള്ള സംഘർഷത്തിലേക്ക് ഇരുകൂട്ടരെയും എത്തിച്ചു. ഹംഗുളുകളുടെയും കാട്ടുപന്നികളുടെയും ഭക്ഷണം തമ്മിലുള്ള താരതമ്യ പഠനത്തിൽ ജലം, പാർപ്പിടം, മറ്റു പ്രകൃതിവിഭങ്ങൾ എന്നിവയ്ക്കായി ഹംഗുളുകളോട് മാത്രമല്ല, കശ്മീരിലെ തനത് ജീവി വർഗങ്ങളോടും കാട്ടുപന്നികൾ പൊരുതുന്നുന്നതായി കണ്ടെത്തി.
പുള്ളിപ്പുലികളുടെ പ്രധാന ഭക്ഷണം കൂടിയാണ് കാട്ടുപന്നികളും ഹംഗുളുകളും. ഇത് ജനവാസമേഖലയിലേക്ക് പുള്ളിപ്പുലികൾ ഇറങ്ങുന്നത് ഒരുപരിധി വരെ തടയാൻ സഹായിച്ചേക്കുമെന്നാണ് ജമ്മു കശ്മീരിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അതെ സമയം മേഖലയിൽ വൻതോതിലുള്ള കൃഷിനാശവും കാട്ടുപന്നികൾ മൂലമുണ്ടാവുന്നുണ്ട്.

Related Articles

Latest Articles