Sunday, January 4, 2026

ബൈജു രവീന്ദ്രന് ബൈജൂസിൽ നിന്ന് പടിയിറങ്ങേണ്ടി വരുമോ ?ബൈജുവിനെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി നിക്ഷേപകർ !

ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി നിക്ഷേപകർ. ഇന്നു ചേർന്ന ഓഹരി ഉടമകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച ആവശ്യമുയർന്നത്. കമ്പനിയുടെ 60 ശതമാനം ഓഹരിയുടമകളും പങ്കെടുത്ത അസാധാരണ ജനറൽ ബോഡി യോഗത്തിൽ ഓഹരിയുടമകൾ ബൈജു രവീന്ദ്രനെ പുറത്താക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തുവെന്നാണ് വിവരം. ബൈജൂസിലെ പ്രധാന ഓഹരിയുടമകളായ പ്രോസസ് എൻവി, പീക് എക്സ്‌വി എന്നിവർ ബൈജു രവീന്ദ്രനെ പുറത്താക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

എന്നാൽ തന്നെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് ബൈജു രവീന്ദ്രൻ പ്രതികരിച്ചു. യോഗം അദ്ദേഹം ബഹിഷ്കരിച്ചിരുന്നു. ചുരുക്കം ഓഹരിയുടമകൾ മാത്രമാണ് ജനറൽ ബോഡിക്ക് എത്തിയതെന്നും അതിനാൽ തന്നെ യോഗതീരുമാനങ്ങൾ അസാധുവാണെന്നും ബൈജു രവീന്ദ്രൻ അവകാശപ്പെട്ടു. യോഗത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്നു വ്യക്തമാക്കി കമ്പനി വാർത്താക്കുറിപ്പും പുറത്തിറക്കി. അതേസമയം ഓഹരിയുടമകളുടെ യോഗം തടസ്സപ്പെടുത്താൻ ബൈജൂസിന്റെ ജീവനക്കാർ ശ്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. ഓഹരിയുടമകളുടെ സൂം മീറ്റിങ്ങിലേക്ക് അനധികൃതമായി കടക്കാൻ ജീവനക്കാർ ശ്രമിച്ചതായി ദേശീയ മാദ്ധ്യമങ്ങൾറിപ്പോർട്ട് ചെയ്തു. അനാവശ്യ ശബ്ദങ്ങൾ സൃഷ്ടിച്ചും സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കിയും യോഗം തടസപ്പെടുത്താൻ ജീവനക്കാർ ശ്രമിച്ചതായി യോഗത്തിൽ പങ്കെടുത്ത ഓഹരിയുടമകളെ ഉദ്ധരിച്ചു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles